ഗസ്സ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ
ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
ഗസ്സയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും അടിയന്തര വെടിനിർത്തലിനുള്ള ആവശ്യവും ഉയർത്തി തിങ്കളാഴ്ച ലോകവ്യാപകമായി ആഹ്വാനം ചെയ്ത ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിദ്യാർഥികൾ കാമ്പസിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഇസ്രായേൽ സേനയുടെ കനത്ത ബോംബാക്രമണത്തെ തുടർന്ന് 18,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ആഹ്വാനം വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി ലബീബ സദസ്സിനെ അഭിസംബോധന ചെയ്തു. സർവകലാശാല വിദ്യാർഥി ഹാദിയ, ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട എഴുത്തുകാരൻ റാഫത് അൽ - അരീറിന്റെ കവിതാലാപനം നിർവഹിച്ചു.
ലോകമെമ്പാടും പതിനായിരങ്ങളാണ് തിങ്കളാഴ്ച ഗസ്സയിലെ മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ആഹ്വാനം ചെയ്ത കാമ്പയിന്റെ ഭാഗമായി അടിയന്തര വെടിനിർത്തൽ ആവശ്യവുമായി തെരുവിലിറങ്ങിയത്.