കാപ്പ ലംഘിച്ച് തൃശൂരിൽ കടന്ന പല്ലൻ ഷൈജു പിടിയിൽ

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ പല്ലൻ ഷൈജു കഴിഞ്ഞ ഫെബ്രുവരിയിലും അറസ്റ്റിലായിരുന്നു

Update: 2022-06-26 15:31 GMT
Advertising

കാപ്പ നിയമം ലംഘിച്ച് തൃശ്ശൂർ ജില്ലയിൽ കടന്ന ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. ദേശീയപാതയിലെ നെല്ലായിൽ വെച്ചാണ് ഷൈജുവിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ പല്ലൻ ഷൈജു കഴിഞ്ഞ ഫെബ്രുവരിയിലും അറസ്റ്റിലായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോട്ടിൽ നിന്നാണ് അന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്റെ കൂട്ടാളിയാണിയാൾ. പൊലീസിനെ വെല്ലുവിളിച്ച് ജനുവരിയിൽ പല്ലൻ ഷൈജു സമൂഹമാധമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. കടൽയാത്രക്കിടെ 'ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ...' എന്നുതുടങ്ങി രണ്ട് മിനുട്ടോളം ദൈർഘ്യം വരുന്ന വീഡിയോയിൽ ഷൈജു പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു.

കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് പഴയ ക്വൊട്ടേഷൻ ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്ന പല്ലൻ ഷൈജു പിന്നീടാണ് കുഴൽപ്പണത്തിലേക്ക് തിരിയുന്നത്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞുനിർത്തി കൊള്ളയടിച്ച ശേഷം കുഴൽപ്പണവുമായി പറക്കുന്നതാണ് പല്ലൻ ഷൈജുവിന്റെ രീതി.

തൃശൂർ കൊടകര സ്വദേശിയാണ് 43കാരനായ ഷൈജു. തൃശൂർ റൂറൽ പൊലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി നാടു കടത്തിയത്. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. വിലക്ക് മറികടന്ന ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും വകുപ്പുണ്ട്.

Pallan Shaiju arrested for violating Kaapa act

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News