'പുറത്തുവരുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, മാനസികമായി വലിയ പ്രയാസം'; സി.ഐ.സി-മർക്കസ് വിവാദത്തിൽ മുനവ്വറലി തങ്ങൾ
''ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല നമ്മുടേതെന്ന ബോധ്യമുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.''
കോഴിക്കോട്: വളാഞ്ചേരി മർക്കസിലെ വാഫി-വഫിയ്യ കോഴ്‌സ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. വിഷയത്തിൽ തന്റെ പേര് ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ടെന്നും ഇത് മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നതാണെന്നും മർക്കസ് പ്രസിഡന്റ് കൂടിയായ തങ്ങൾ പറഞ്ഞു.
ആർക്കെതിരെയും പ്രത്യേക നിലപാട് സ്വീകരിച്ച്, ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല പാണക്കാട് കുടുംബത്തിനുള്ളതെന്ന് മുനവ്വറലി തങ്ങൾ വ്യക്തമാക്കി. എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അതിന് കഴിയാത്ത ഘട്ടത്തിൽ ദൈവത്തിൽ ഭരമേൽപിച്ചു മാറിനിൽക്കുകയാണ് ഈ നിമിഷം വരെ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
''വളാഞ്ചേരി മർകസിൽ വാഫി-വഫിയ്യ കോഴ്‌സുകൾ നിർത്തലാക്കി തീരുമാനം വന്നിരുന്നു. ഇതിനിടെ കേസും അനുബന്ധ പ്രശ്‌നങ്ങളും വന്നപ്പോൾ നിലവിൽ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഠനം പൂർത്തീകരിക്കാൻ അനുമതി നൽകി മർകസ് കമ്മിറ്റി തീരുമാനമെടുത്തു. വാഫി-വഫിയ്യ സമസ്ത വിരുദ്ധമാണ്, കോഴ്‌സ് തുടരാൻ പാടില്ല എന്നാവശ്യപ്പെട്ടും ആളുകൾ തന്നെ സമീപിച്ചു.''
ആ ഘട്ടത്തിൽ പ്രസ്തുത വിഷയം പഠിക്കാനും അതു സംബന്ധമായി ചെയ്യേണ്ട കാര്യം ആലോചിക്കാനും ഒരു സമിതി രൂപീകരിച്ചു. ഈ സമിതി കണ്ടെത്തിയ കാര്യങ്ങളുടെ സംക്ഷേപം അറിയിക്കാൻ സമിതിയുമായി ബന്ധപ്പെട്ടവർ തന്റെയടുത്തും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു. അവർ വന്നു സംസാരിച്ചുപോയി എന്നതല്ലാതെ അവിടെ യോഗം ചേരുകയോ എന്തെങ്കിലും പ്രത്യേക തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും മുനവ്വറലി തങ്ങൾ അറിയിച്ചു.
മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സിഐസിയുമായി ബന്ധപ്പെട്ട് നമ്മുടെ പേര് കൂടി ചേർത്ത് തീർത്തും തെറ്റിദ്ധാരണാ-ജനകമായ വാർത്തകൾ വരുന്നു എന്നത് മാനസ്സികമായി വലിയ പ്രയാസമുണ്ടാക്കുന്നു.
വളാഞ്ചേരി മർക്കസ്സിൽ വാഫി വഫിയ്യ കോഴ്‌സുകൾ നിർത്തലാക്കി തീരുമാനം വന്നിരുന്നു.അതിനിടക്ക് അവിടെ കേസും അനുബന്ധ പ്രശ്‌നങ്ങളും സംഭവിച്ചപ്പോൾ നിലവിൽ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഠനം പൂർത്തീകരിക്കാൻ അനുമതി നൽകി മർക്കസ് കമ്മിറ്റി തീരുമാനം എടുത്തു.വാഫി വഫിയ്യ സമസ്ത വിരുദ്ധമാണ്,കോഴ്‌സ് തുടരാൻ പാടില്ല എന്നാവശ്യപ്പെട്ടും ആളുകൾ നമ്മെ സമീപിക്കുകയുണ്ടായി.ആ ഘട്ടത്തിൽ പ്രസ്തുത വിഷയം പഠിക്കാനും അത് സംബന്ധമായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും ഒരു സമിതി രൂപികരിച്ചു.ആ സമിതി കണ്ടെത്തിയ കാര്യങ്ങളുടെ സംക്ഷേപം നമ്മെ അറിയിക്കാൻ സമിതിയുമായി ബന്ധപ്പെട്ടവർ നമ്മുടെയടുത്തും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു .അവർ വന്നു സംസാരിച്ചു പോയി എന്നതല്ലാതെ അവിടെ മീറ്റിംഗ് കൂടുകയോ എന്തെങ്കിലും പ്രത്യേക തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല .യാഥാർത്ഥ്യം ഇതായിരിക്കേ,ഇപ്പോൾ ഇത് സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുവെന്നത് തീർത്തും നിർഭാഗ്യകരമാണ്.
എസ്എൻഇസിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും മർക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹദ് സംഘടനയും നമ്മുടെ കുടുംബവുമായുള്ള ബന്ധം നിർവ്വചനങ്ങൾക്കപ്പുറത്ത് അഭേദ്യമായ ഒന്നാണ്.പിതാമഹന്മാരായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് പി എംഎസ്എ പൂക്കോയ തങ്ങളും അവരീ പ്രസ്ഥാനത്തിന് വേണ്ടിയർപ്പിച്ച അതുല്യമായ സംഭാവനകളും സമസ്തയുടെ ചരിത്രത്തിൽ വർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണ്.പിന്നീടങ്ങോട്ട് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ പൈതൃകം സൂക്ഷ്മതയോടെ പരിപാലിച്ചു.ആ മാർഗ്ഗം തന്നെയാണ് നമ്മുടേയും പാന്ഥാവ്.സമസ്തയുടെ ബഹുമാന്യരായ പണ്ഡിതന്മാരുടെ സ്‌നേഹാദരവുകൾ ഏറ്റാണ് എന്നും വളർന്നത്.റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ല്യാരും മുതൽ അത്തിപ്പറ്റ ഉസ്താദടക്കമുള്ളവരുടെ മുഹിബ്ബുകൾ കുഞ്ഞുനാൾ മുതൽ ധാരാളം അനുഭവിച്ചിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ അനുധാവനങ്ങൾ പിതാമഹന്മാരുടെ ജീവിത വഴികളിൽ നിന്നും ബാപ്പയുടേയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും അടുത്ത് നിന്നും അത്തിപ്പറ്റ ഉസ്താദിനെപോലുള്ളവരിൽ നിന്നും ഗ്രഹിച്ചാണ് ജീവിച്ചത്.അതുകൊണ്ടു തന്നെ സഹജീവികളെ പറ്റുന്ന രീതിയിൽ സഹായിക്കാനും മുറിവുണക്കാനുമല്ലാതെ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിരുദ്ധമായ ഒരാരോപണം അള്ളാഹുവിൻറെ സഹായത്താൽ ഇന്നുവരെ നമ്മുടെ കുടുംബത്തിന് ആരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുമില്ല.കാലവും ചരിത്രവും ഈ സമൂഹവും തന്നെയാണതിന്റെ സാക്ഷ്യം.!
ആർക്കെതിരെയും ഒരു പ്രത്യേക നിലപാട് സ്വീകരിച്ച് ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല നമ്മുടെ ദൗത്യം എന്ന് തിരിച്ചറിവുണ്ട്.എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.അതിന് കഴിയാത്ത ഘട്ടത്തിൽ അള്ളാഹുവിൽ ഭരമേല്പിച്ച് മാറി നിൽക്കുകയാണ് ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്.അള്ളാഹു ഉദ്ദേശിക്കുന്ന കാലത്തോളം അനുസ്യൂതം അത് തുടർന്നു കൊണ്ടിരിക്കും.നമ്മുടെ പൂർവ്വീകരാൽ നട്ടുനനച്ചു വളർത്തിയ ഒരു പ്രസ്ഥാത്തിന്റെ മറുപക്ഷത്ത് നമ്മുടെ പേര് വലിച്ചിഴക്കുന്നവർ ദയവായി വസ്തുതകൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.അള്ളാഹു സത്യം മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവർക്കും പ്രദാനം ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുമാറാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.!
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട്.
Summary: Panakkad Sayyid Munavvar Ali Shihab Thangal reacts to the new controversy related to the cancellation of Wafy-Wafiyya course at Valancherry Markaz