പനമരത്തെ തിരോധാനം: സിഐ ആദ്യം പോയത് തീർഥാടന കേന്ദ്രത്തിലേക്കെന്ന് സൂചന
മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയെ തുടർന്നുണ്ടായ മനോവിഷമമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിൽ പോകാൻ കാരണമായതെന്നാണ് വിവരം
വയനാട്: വയനാട് പനമരത്തു നിന്ന് കാണാതായ സിഐ കെ.എ എലിസബത്ത് ആദ്യം പോയത് തീർഥാടന കേന്ദ്രത്തിലേക്കെന്ന് സൂചന. മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയെ തുടർന്നുണ്ടായ മനോവിഷമമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിൽ പോകാൻ കാരണമായതെന്നാണ് വിവരം. സി.ഐയെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും.
പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ സി.ഐയെ തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. കോടതിയിലെത്താതായതോടെ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും സി.ഐയുടെ സ്വകാര്യ ഫോൺ നമ്പറും ഔദ്യോഗിക ഫോൺ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു.
മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്കനടപടിയെ തുടർന്ന് മനോവിഷമത്തിലകപ്പെട്ട വനിതാ സി ഐ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. പ്രാർഥനകൾക്ക് ശേഷം തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തി വിശ്രമിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട്ടെ എ.ടി.എം കൗണ്ടറിൽ നിന്ന് പണം എടുത്തശേഷം ഇവർ പാലക്കാട് ബസിൽ കയറിയതായി സ്ഥിരീകരിച്ചിരുന്നു.
കമ്പളക്കാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് സിഐ യെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെത്തിയ പൊലീസ് സംഘം ഇന്ന് വൈകുന്നേരത്തോടെ ഇവരെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.