കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദനമേറ്റ് മരിച്ചെന്ന് പരാതി
പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡൻ്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
കൊല്ലം: തൊടിയൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദനമേറ്റ് മരിച്ചെന്ന് പരാതി. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലീം (60) ആണ് മരണപ്പെട്ടത്. ഒരു കുടുംബ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
പാലോലിക്കുളങ്ങര മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗവും തമ്മിൽ നടന്ന സംഘർഷത്തിനിടെ പുറകിൽ നിന്നൊരാൾ സലീമിനെ ചവിട്ടി. ചവിട്ടേറ്റ് സലീം നിലത്തുവീണു.
ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവിൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. കുറച്ചു നാളുകൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം അടുത്താണ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
അതേസമയം, സലീമിന്റെ മരണത്തിൽ കുടുംബത്തിന്റേയും ജമാഅത്ത് കമ്മിറ്റിയുടേയും പരാതിയിൽ ആക്രമണം നടത്തിയവർക്കെതിരെ കൊലപാതക കുറ്റത്തിന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ചവറ കൊട്ടുകാട് നിന്നും എത്തിയ സംഘത്തിനെതിരെയാണ് പരാതി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തുന്നത്.
സംഘർഷത്തിൽ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു സലീം. ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്) മരുമക്കൾ: ശബ്ന, തസ്നി.
അതേസമയം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിന്റെ മരണത്തെ തുടർന്ന് തൊടിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.