പാനൂർ ബോംബ് സ്‌ഫോടനം; ഒരാൾ കസ്റ്റഡിയിൽ

പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്.

Update: 2024-04-06 02:50 GMT
Advertising

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ബോംബ് സ്‌ഫോടനവുമായി ഇയാൾ എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടക്കുമ്പോൾ ഇയാൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ഇയാളുടെ നേതൃത്വത്തിലായിരുന്നു.

സ്‌ഫോടനത്തിൽ ഷെറിൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്. എന്നാൽ സ്‌ഫോടനത്തിൽ നാലുപേർക്ക് പരിക്കുണ്ട് എന്നാണ് വിവരം. വിനീഷ് എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി. ഇയാൾ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇതിന് പുറമെ രണ്ടുപേർക്ക് കൂടി സ്‌ഫോടനത്തിൽ പരിക്കുണ്ട്. മീത്തലെകുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെൻട്രൽ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. വിനോദ് പരിയാരം മെഡിക്കൽ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

മനോഹരൻ എന്ന വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലിരുന്നാണ് ബോംബ് നിർമാണം നടത്തിയിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീടാണിത്. നാലുപേർക്ക് പരിക്കേറ്റിട്ടും പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കൊല്ലപ്പെട്ട ഷെറിന്റെയും വിനീഷിന്റെയും പേര് മാത്രമാണുള്ളത്. അശ്വന്തിന്റെയും വിനോദിന്റെയും പേര് എഫ്.ഐ.ആറിൽ ഇല്ല. ഇത് ഗുരുതര പിഴവായാണ് വിലയിരുത്തപ്പെടുന്നത്.

ബോംബ് രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ ഇന്ന് സമാധാന സന്ദേശയാത്ര നടത്തുന്നുണ്ട്. സി.പി.എം ആണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും ബോംബ് ഉണ്ടാക്കി ആക്രമണം നടത്താനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് സി.പി.എം നീക്കമെന്നും യു.ഡി.എഫ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News