തലസ്ഥാന വിവാദത്തിൽ ഹൈബിയെ തള്ളി കോൺഗ്രസ്; സ്വകാര്യ ബിൽ പിൻവലിക്കാൻ നിർദേശം
ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു.
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബി ഈഡന് കോൺഗ്രസ് നിർദേശം. ഹൈബിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളിൽനിന്നും ഘടകകക്ഷികളിൽനിന്നും വലിയ വിമർശനമാണ് ഉയർന്നത്. ബിൽ അവതരിപ്പിക്കുമ്പോൾ ഹൈബി പാർട്ടിയോട് അനുമതി തേടേണ്ടിയിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു.
ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം ഹൈബിയോട് ബിൽ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഹൈബിയുടെ നീക്കം പാർട്ടിയുടെ അറിവോടെയല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കേണ്ട സമയത്ത് അനാവശ്യ വിവാദമുണ്ടാക്കിയതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.