ഭക്ഷണമില്ല; തീപ്പിടിത്തമുണ്ടായ എംവി കവരത്തി കപ്പലിലെ യാത്രക്കാർ ദുരിതത്തിൽ
അപകടമുണ്ടായ കപ്പലിൽ ദ്വീപ് ഭരണകൂടം സഹായമെത്തിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു
Update: 2021-12-02 03:11 GMT
കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായ ലക്ഷദ്വീപിലെ എംവി കവരത്തി കപ്പലിലെ യാത്രക്കാർ ദുരിതത്തിൽ. ഭക്ഷണം പോലുമില്ലാതെ 700 യാത്രക്കാരാണ് കപ്പലിൽ കഴിയുന്നത്. അപകടമുണ്ടായ കപ്പലിൽ ദ്വീപ് ഭരണകൂടം സഹായമെത്തിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു. തീപ്പിടിത്തത്തിൽ എഞ്ചിൻ നിലച്ച കപ്പലിനെ ആന്ത്രോത്ത് ദ്വീപിലേക്ക് വലിച്ച് കൊണ്ടു പോവുകയാണ്.
കൊച്ചിയിൽനിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പൽ ബുധനാഴ്ച രാവിലെയാണ് കവരത്തിയിലെത്തിയത്. ഇവിടെനിന്ന് ആന്ത്രോത്തു ദ്വീപിലേക്കു പോകുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.30ന് എൻജിൻ റൂമിൽ തീ പടർന്നത്. കവരത്തിയിൽനിന്ന് 29 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ. ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം.