പത്തനംതിട്ട നഗരസഭയുടെ കശാപ്പ് ശാലക്ക് വീണ്ടും പ്രവര്‍ത്തനാനുമതി

മാലിന്യ സംസ്കരണ സംവിധാനങ്ങളടക്കം ശാസ്ത്രീയമായ രീതിയില്‍ പുനക്രമീകരിച്ചതോടെയാണ് ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും കശാപ്പ് ശാല തുറക്കാന്‍ അനുമതി ലഭിച്ചത്

Update: 2022-03-08 02:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ച പത്തനംതിട്ട നഗരസഭയുടെ കശാപ്പ് ശാലക്ക് വീണ്ടും പ്രവര്‍ത്തനാനുമതി. മാലിന്യ സംസ്കരണ സംവിധാനങ്ങളടക്കം ശാസ്ത്രീയമായ രീതിയില്‍ പുനക്രമീകരിച്ചതോടെയാണ് ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും കശാപ്പ് ശാല തുറക്കാന്‍ അനുമതി ലഭിച്ചത്.

2015ലാണ് പത്തനംതിട്ട നഗരസഭക്ക് കീഴിലെ അറവുശാല അടച്ച് പൂട്ടുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിബന്ധനകള്‍ പാലിക്കാത്തതുമൂലവും അറവു മാലിന്യ സംസ്കരണത്തിന് മാര്‍ഗങ്ങളില്ലാതിരുന്നതിനെ തുടര്‍ന്നുമായിരുന്നു നടപടി. അറവുശാല ഏഴ് വര്‍ഷത്തോളം അടഞ്ഞ് കിടന്നതോടെ പത്തനംതിട്ട , കുമ്പഴ മാര്‍ക്കറ്റുകളിലെ ഇറച്ചി സ്റ്റാളുകളും പൂട്ടിയിടേണ്ടി വന്നു. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭക്കുണ്ടായത്.

പുതിയ ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ദീര്‍ഘനാള്‍ പൂട്ടിക്കിടന്ന കശാപ്പുശാലയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തി. മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയതോടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാല് വര്‍ഷത്തേക്ക് അനുമതി നല്‍കുന്നത്. നഗരസഭയുടെ കശാപ്പ് ശാല പ്രവര്‍ത്തന രഹിതമായതോടെ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിലായി അനധികൃതമായി കശാപ്പും ഇറച്ചി വ്യാപാരവും വര്‍ധിച്ചിരുന്നു. കശാപ്പ് ശാല വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News