ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവം: ഡ്രൈവർക്ക് സസ്‌പെൻഷൻ

പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്ന് ഡ്രൈവർ നിലപാടെടുക്കുകയായിരുന്നു

Update: 2023-07-11 16:16 GMT
Advertising

കൊച്ചി: ആംബുലൻസ് ഡ്രൈവറുടെ പിടിവാശിയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. രോഗിയുടെ ബന്ധക്കളുടെ പരാതിയിൽ അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിന്റെ ഡ്രൈവർ ആന്റണിയെയാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവത്തിലാണ് നടപടി.

പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്ന് ഡ്രൈവർ നിലപാടെടുത്തു. തുടർന്നാണ് രോഗിയെ കൊണ്ടുപോകാൻ വൈകിയതെന്ന് പരാതിയിൽ പറയുന്നു.

പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂർ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് സ്ഥിതി വളരെ ഗുരുതരമായതിനാൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫർ ചെയ്തു. പിന്നീട് ആശുപത്രി അധികൃതർ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഏർപ്പാടാക്കി നൽകുകയായിരുന്നു. 

എന്നാൽ രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവർ ആന്റണി ബന്ധുക്കളോട പണം മുൻകൂർ ആവശ്യപ്പെടുകയായിരുന്നു. 900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാൾ പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലത്തതിനാൽ എറണാകുളത്തെത്തിയാൽ പണം നൽകാമെന്ന് പറഞ്ഞു. എന്നാൽ പണം മുൻകൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാൾ വാശി പിടിച്ചു. പണമില്ലെങ്കിൽ വേറെ ആംബുലൻസിൽ കൊണ്ടുപോകുവെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News