പയ്യന്നൂർ ഫണ്ട് വിവാദം: പരാതിക്കാരനെതിരെ നടപടിയെടുത്തതിൽ സിപിഎമ്മിൽ അമർഷം
ആരോപണം ഉന്നയിച്ച ഏരിയാസെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കിയത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകും.
കണ്ണൂർ: പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദത്തിൽ പരാതിക്കാരനെതിരെ നടപടി എടുത്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. ആരോപണം ഉന്നയിച്ച ഏരിയാസെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കിയത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകും. നടപടിക്കെതിരെ സോഷ്യൽ മീഡിയയിലും അണികളുടെ പ്രതിഷേധം ഉയരുന്നുണ്ട്.
വിവിധ ഫണ്ട് പിരിവുകളുമായി ബന്ധപ്പെട്ട് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു ടി.ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർക്കെതിരായ പരാതി. ഇക്കാര്യം രേഖകൾ സഹിതം കുഞ്ഞികൃഷ്ണനാണ് പാർട്ടിക്ക് മുന്നിലെത്തിച്ചത്. പരാതിയിൽ ആദ്യം നടപടി എടുക്കാൻ ജില്ലാ നേതൃത്വം മടിച്ചു. പിന്നാലെ കുഞ്ഞികൃഷ്ണൻ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. തുടർന്നാണ് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതും പിന്നാലെ നടപടി ഉണ്ടായതും.
എന്നാൽ ആരോപണ വിധേയർക്കെതിരായ നടപടി തരം താഴ്ത്തലിൽ അവസാനിച്ചപ്പോൾ പരാതിക്കാരനായ കുഞ്ഞിക്കൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. നടപടി റിപ്പോർട്ട് ചെയ്ത ഏരിയാ കമ്മിറ്റി യോഗത്തിൽ നാല് ഏരിയാ കമ്മിറ്റി അംഗങ്ങൾ തീരുമാനത്തിനെതിരെ എതിർപ്പുന്നയിച്ചിരുന്നു. പിന്നാലെ ഇന്നലെ വൈകിട്ട് ചേർന്ന ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും വർഗ ബഹുജന സംഘടനാ ഭാരവാഹികളുടെയും യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. നടപടിക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും പരാതിയുമായി പോകാൻ താൽപര്യമില്ലന്നുമുള്ള നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. ഇതിനിടെ പാർട്ടി നടപടിക്കെതിരെ സോഷ്യൽ മീഡിയയിലും അണികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.