'ഈരാറ്റുപേട്ടയില്‍ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെണ്‍കുട്ടികളെയാണ് നഷ്ടപ്പെട്ടത്'; വി.എസിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി ലൗ ജിഹാദ് ആരോപണവുമായി പി.സി ജോര്‍ജ്
മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍റെ ലൗ ജിഹാദ് ആരോപണ വീഡിയോ ചൂണ്ടിക്കാട്ടി ലൗ ജിഹാദ് ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ലൗ ജിഹാദിലൂടെ ഈരാറ്റുപേട്ടയില്‍ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെണ്‍കുട്ടികളെയാണ് നഷ്ടപ്പെട്ടതെന്നും ഇവര്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ചാക്കിലിടുന്നത് എന്നത് അന്വേഷിക്കേണ്ട പ്രശ്നമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് ലൗ ജിഹാദ് ആരാേപണം ഉയര്‍ത്തിയത്. അതേസമയം സുപ്രീം കോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഡല്‍ഹിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് വി.എസ് അച്യുതാനന്ദന്‍ ലൗ ജിഹാജ് ആരോപണം ആദ്യമായി ഉന്നയിച്ചത്. ഹിന്ദു പെൺകുട്ടികളെ മുസ്‍ലിം ചെറുപ്പക്കാർ കല്യാണം കഴിച്ച് 20 വർഷംകൊണ്ട് കേരളത്തെ ഒരു മുസ്ലിംഭൂരിപക്ഷ പ്രദേശമാക്കും എന്നായിരുന്നു അച്യുതാനന്ദന്‍ പറഞ്ഞത്. ഈ ആരോപണമാണ് പി.സി ജോര്‍ജ് ആവര്‍ത്തിക്കുന്നത്.
പി.സി ജോര്‍ജിന്‍റെ വാക്കുകള്‍:
സഖാവ് വി.എസ് അച്യുതാനന്ദന്‍റെ ഒരു പ്രസംഗം കേട്ടാല്‍ മതി. സോഷ്യല്‍ മീഡിയയിലുണ്ട്, അത് കണ്ടാല്‍ മതി. അദ്ദേഹം വളരെ വ്യക്തമായിട്ട് ലൗ ജിഹാദ് പറഞ്ഞിരിക്കുകയാണ്. മുസ്‍ലിം കമ്മ്യൂണിറ്റി മുഴുവനല്ല, മുസ്‍ലിം കമ്മ്യൂണിറ്റിയിലെ ഒരു മതതീവ്രവാദികള്‍ ചെയ്യുന്ന മര്യാദകേടുകളാണ് ഇതെല്ലാം. ഈരാറ്റുപേട്ടയില്‍ പോലും എത്രയോ മാന്യരായ മുസ്‍ലിം സഹോദരങ്ങളുണ്ട്. പക്ഷേ ഇവിടെ 15 മുതല്‍ 20 ശതമാനം പേര്‍ ഈ തീവ്രവാദികളാണ്. അവര് എന്ത് വൃത്തികേടും ചെയ്യും. ഈരാറ്റുപേട്ടയില്‍ മാത്രം 47ഓളം പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ടു. അതില്‍ 12 എണ്ണം ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 നായര്‍, ഈഴവ, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും. അതും ഏറ്റവും സൗന്ദര്യമുള്ള പെണ്‍കുട്ടികളും. ഇവരെ എങ്ങനെ ചാക്കിടുന്നു എന്നതൊക്കെ അന്വേഷിക്കേണ്ട പ്രശ്നമാണ്. പിന്നെ പോയാല്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് കൊന്തയും കൊണ്ട് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ.'
കഴിഞ്ഞ ദിവസം ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പി.സി ജോര്‍ജിന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് -വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നുമാണ് പി.സി ജോർജ് പറഞ്ഞത്. അതെ സമയം പി.സി ജോര്‍ജിനെതിരെ സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം രംഗത്തുവന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനം പടരുന്ന വിഷചിന്തയുടെ സൂചനയാണെന്നാണ് സത്യദീപം എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നത്. പി.സി ജോർജിന്‍റെ പേര് പറയാതെ 'ഒരു നേതാവ്' എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖപ്രസംഗത്തിലെ വിമർശനം.