പി.സി ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ല, മുസ്‌ലിം സമൂഹത്തോട് മാപ്പ് ചോദിക്കുന്നു: സഹോദര പുത്രൻ
ഹിന്ദു പരിഷത്ത് തിരുവനന്തപുരത്ത് വെച്ച നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്.
കോട്ടയം: പി.സി ജോർജ് നടത്തിയ വിദ്വേഷ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളി. ജോർജിന്റെ പ്രസ്താവനയിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എൻറെ പിതാവിൻറെ ജേഷ്ഠ സഹോദരൻ ആണ് പിസി ജോർജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.
അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ
ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങൾ വ്യക്തിപരമായി മെസ്സേജുകൾ അയച്ചു ചോദിക്കുകയുണ്ടായി
അവരുടെയൊക്കെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കുന്നു.
ഹിന്ദു പരിഷത്ത് തിരുവനന്തപുരത്ത് വെച്ച നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നുകൊണ്ടുപോകുന്നു തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോർജ് ഉന്നയിച്ചത്.