വിഴിഞ്ഞത്ത് ഇന്ന് സമാധാന ചര്‍ച്ച; സർവ്വകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും
അക്രമവുമായി ബന്ധപ്പെട്ട് 8 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു
വിഴിഞ്ഞം: വിഴിഞ്ഞത്ത് ഇന്ന് വീണ്ടും സമാധാന ചർച്ച നടക്കും.സർവ്വകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.അക്രമവുമായി ബന്ധപ്പെട്ട് 8 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.
വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയതിന് പിന്നാലെ സമരക്കാർ ഇന്നലെ പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തിരുന്നു . മൂന്ന് പൊലീസ് വാഹനങ്ങൾ പൂർണമായും അടിച്ചു നശിപ്പിച്ചു. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരിക്ക്. കലാപസാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ അക്രമത്തിലെ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിന്‍റെ തുടക്കം. ഇന്നലെ വൈകിട്ട് ആറു മണിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വളഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജിയുടേത് ഉൾപ്പെടെ നാല് പൊലീസ് വാഹനങ്ങൾ പൂർണമായും അടിച്ചു നശിപ്പിച്ചു.
36 പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. എസ്. ഐ ലിജോ പി.മണി അടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ എന്നിവർ സഭാപ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. റാന്നി, അടൂർ ഉൾപ്പെടെ മറ്റ് ക്യാമ്പുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.