പുൽപ്പള്ളിയിൽ ജനരോഷം ശക്തമാകുന്നു; പൊലീസ് വാഹനം മറിച്ചിടാൻ ശ്രമം
പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ജനരോഷം ശക്തമാകുന്നു. പുൽപ്പള്ളിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഫോറസ്റ്റ് ജീപ്പ് ആക്രമിച്ചതിന് പിന്നാലെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി പുല്‍പ്പള്ളിയിലെത്തിയിരിക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ വലിച്ചുകീറിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിൻറെ കാറ്റഴിച്ചുവിട്ടുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും പുൽപ്പള്ളിയിൽ എത്തിച്ചും പ്രതിഷേധം നടത്തി. ട്രാക്ടറിൽ എത്തിച്ച പശുവിന്റെ ജഡം വനം വകുപ്പിൻറെ ജീപ്പിന് മുകളിൽ കയറ്റിവെക്കുകയും ചെയ്തു. വനംവകുപ്പിൻറെ ജീപ്പിൽ റീത്തും നാട്ടുകാർ വെച്ചിരുന്നു. വയനാട് കേണിച്ചിറയിലാണ് കടുവയുടെ ആക്രമണത്തിൽ പശു ചത്തത്.വാഴയിൽ ഗ്രേറ്ററിന്റെ പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം കെട്ടിയ പശുവിനെയാണ് കൊന്നത്..
വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർത്താൽ പുരോഗമിക്കുകയാണ്.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെയാണ് വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം സെൻ്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.