പെരിയാറിലെ മത്സ്യക്കുരുതി; കർഷകർക്ക് സഹായം നൽകണമെന്ന് ഫിഷറീസ് വകുപ്പ്

രാസമാലിന്യം ഒഴുക്കിയ വ്യവസായശാലകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ നഗരസഭ പരാതി നല്‍കി

Update: 2024-05-24 14:11 GMT
Editor : anjala | By : Web Desk

പെരിയാറിലെ മത്സ്യക്കുരുതി

Advertising

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ ഫിഷറീസ് വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. സബ് കലക്ടർക്കും ഫിഷറീസ് ഡയറക്ടർക്കും ആണ് റിപ്പോർട്ട് സമർപ്പിച്ചത്. കൂട് മത്സ്യകർഷകർക്ക് 5-8 കോടി രൂപ നഷ്ടം. പെരിയാറിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് 5-7 കോടി രൂപ നഷ്ടം. മത്സ്യകർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് ഉചിതമെന്ന് ശിപാർശ. മത്സ്യത്തൊഴിലാളികൾക്ക് മൂന്ന് മാസത്തെ തൊഴിൽനഷ്ടം കണക്കാക്കി സഹായം പ്രഖ്യാപിക്കുന്നതും ശിപാർശയിൽ. ബാധിച്ചത് രജിസ്റ്റർ ചെയ്ത 110 മത്സ്യ കർഷകരെയും, അൻപതോളം രജിസ്റ്റർ ചെയ്യാത്ത കർഷകരെയും എന്ന് റിപ്പോർട്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ പൊലീസിൽ പരാതി നല്‍കി ഏലൂര്‍ നഗരസഭ. രാസമാലിന്യം പെരിയാറിലേക്കൊഴുക്കിയ വ്യവസായശാലകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂർ നഗരസഭ നോട്ടീസ് അയച്ചു. പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കണം. മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെന്നും നോട്ടീസില്‍ പറയുന്നു. ഏലൂർ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയർക്കാണ് നോട്ടീസ് നല്‍കിയത്.

മത്സ്യകൂട്ടക്കുരുതിയില്‍ അലൈൻസ് മറൈൻ പ്രോഡക്ട്സ് എന്ന കമ്പനി പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം രാത്രി ഉത്തരവിട്ടിരുന്നു.പെരിയാറിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയതിനാണ് നടപടി. ഇതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കളമശ്ശേരി, ഏലൂർ ഭാഗത്താണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. എടയാർ വ്യവസായ മേഖലയിലെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിങ്കളാഴ്ച്ച രാത്രിയോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നെന്ന വിവരം ആദ്യം ലഭിച്ചത്. എടയാർ വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യങ്ങൾ പുഴയിലേക്ക് കൂട്ടത്തോടെ ഒഴുക്കിവിടുന്നതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. രാസമാലിന്യം കലർന്ന പുഴയിലെ ജലത്തിന്റെ നിറവും മാറിയിട്ടുണ്ട്. വലിയ തോതിലുള്ള ദുർഗന്ധവും സ്ഥലത്ത് നിലനിന്നിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News