പെരിയാർ മലിനീകരണം: പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി
മത്സ്യക്കുരുതിക്ക് പുറമേ പെരിയാറിലെ പൊതുവായ മാലിന്യ പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്
കൊച്ചി: പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഏലൂരിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. അടുത്ത പത്ത് ദിവസത്തിനകം സമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. മത്സ്യക്കുരുതിക്ക് പുറമേ പെരിയാറിലെ പൊതുവായ മാലിന്യ പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, പരിസ്ഥിതി സെക്രട്ടറി, ദേശീയ സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് അധ്യക്ഷൻമാർ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടത്തിയത്. ഏലൂർ നഗരസഭ ഓഫീസിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തുടർന്ന് ഉദ്യോഗസ്ഥ സംഘം പെരിയാറിലും പരിസരപ്രദേശങ്ങളിലും സന്ദർശനം നടത്തി.
മത്സ്യക്കുരുതിക്ക് പുറമേ പെരിയാറിലെ മാലിന്യ പ്രശ്നങ്ങൾ മൊത്തത്തിൽ പഠിച്ച് സമിതി റിപ്പോർട്ട് തയ്യാറാക്കും. എന്നാൽ പരിശോധനകൾ നടക്കുന്നതല്ലാതെ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സമിതി ആരോപിച്ചു
സംഘത്തോടൊപ്പം അനുഗമിച്ച പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. അടുത്ത 10 ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി.