എയ്ഡഡ്-പ്രൈവറ്റ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ ഉടൻ നിയമിക്കണം; കര്‍ശന നിര്‍ദേശവുമായി കേരള സിൻഡിക്കേറ്റ്
കഴിഞ്ഞ അഞ്ചുവർഷമായി കേരള സർവകലാശാലയുടെ കീഴിലുള്ള 40ഓളം സ്വകാര്യ-എയ്ഡഡ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിക്ക് കീഴിലെ എയ്ഡഡ്-പ്രൈവറ്റ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ ഉടൻ നിയമിക്കണമെന്ന് സിൻഡിക്കേറ്റിന്‍റെ കര്‍ശന നിര്‍ദേശം. രണ്ടുമാസത്തിനുള്ളിൽ പ്രിൻസിപ്പൽമാരെ നിയമിക്കാൻ കത്തുനൽകും. യോഗ്യതയില്ലാത്തവർക്കു താല്‍ക്കാലിക ചുമതല നൽകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
കഴിഞ്ഞ അഞ്ചുവർഷമായി സർവകലാശാലയുടെ കീഴിലുള്ള 40ഓളം സ്വകാര്യ-എയ്ഡഡ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. പല കോളജുകളും ഏതെങ്കിലും അധ്യാപകർക്ക് താൽക്കാലിക ചുമതല നൽകി പ്രവർത്തിക്കുന്നു. ഡ്രോയിങ് ആൻഡ് ഡിസ്ബെഴ്സ്മെന്‍റ് ഓഫീസറായാണ് ഇവർക്ക് നിയമനം നൽകുന്നത്. അതും പരമാവധി മൂന്ന് വർഷത്തേക്ക്. എന്നാൽ, ചട്ടങ്ങൾ മറികടന്ന് വർഷങ്ങളായി ഈ സ്ഥാനത്ത് തുടരുന്ന അധ്യാപകരുമുണ്ട്. അതിൽ പലരും വേണ്ടത്ര യോഗ്യതകൾ ഇല്ലാത്തവരാണ്.
മാനേജ്മെന്‍റ് താൽപര്യത്തിനുവേണ്ടിയാണ് ഇത്തരത്തിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതെന്നും സിൻഡിക്കേറ്റിനു മുന്നിൽ പരാതിയെത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്ത സിൻഡിക്കേറ്റ് അടിയന്തരമായി എല്ലാ കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് കാണിച്ച് എല്ലാ കോളജുകൾക്കും ഉടൻ കത്തുനല്കും. പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി നിയമിക്കുകയാണു വേണ്ടത്.
നിയമന കാലാവധി അഞ്ചു വർഷമായിരിക്കും. പ്രവർത്തനം തൃപ്തികരമാണെങ്കിൽ വീണ്ടും അഞ്ചുവർഷം കൂടി നീട്ടിനൽകാം. യോഗ്യതയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സിൻഡിക്കേറ്റ് നിർദേശിക്കുന്നു.
Summary: Syndicate's strict directive to immediately appoint permanent principals in aided-private colleges under Kerala UniversitySyndicate's strict directive to immediately appoint permanent principals in aided-private colleges under Kerala University