പിഎഫ്‌ഐ നിരോധനം: കേന്ദ്ര നടപടിയിൽ സംശയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

'പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല'

Update: 2022-09-28 09:27 GMT
Advertising

പിഎഫ്‌ഐ നിരോധിച്ച കേന്ദ്ര നടപടിയിൽ സംശയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയതയേയും വർഗീയത പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെയും കയറൂരി വിടുന്നു. മറ്റൊരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം. നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തും. പോപുലർ ഫ്രണ്ടിന്റെ സിദ്ധാന്തങ്ങൾ നഖശിഖാന്തം എതിർക്കുന്ന പാർട്ടിയാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലാകാലങ്ങളിൽ ഇത്തരം സംഘടനകൾ പല പേരുകളിൽ വരാറുണ്ട്. അവരുടെ മുഖ്യശത്രു ലീഗാണ്. സംഘപരിവാറിന്റെ കൂടെയുള്ള സംഘടനകൾ ഇതേ പോലെയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വർഗീയത വളർത്തുന്ന സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പോപുലർ ഫ്രണ്ടിനോട് ശക്തമായി വിയോജിക്കുമ്പോഴും കേന്ദ്ര സർക്കാർ നടപടിയോട് കരുതലോടെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം. നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് പ്രതികരിച്ച എ കെ ആന്റണി ആര് അക്രമം നടത്തിയാലും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം ആർഎസ്എസിനേയും നിരോധിക്കണമെന്ന ആവശ്യമാണ് മറ്റ് നേതാക്കൾ മുന്നോട്ട് വെച്ചത്. നിരോധനത്തെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തപ്പോൾ നിരോധനം കൊണ്ട് വർഗീയ ശക്തികളുടെ പ്രവർത്തനം തടയാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. ആർഎസ്എസിനെയും നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ലീഗിൽ നിന്നും ഏറ്റവും ആദ്യം പ്രതികരിച്ച എം കെ മുനീർ കേന്ദ്ര സർക്കാർ നടപടിയെ ശരിവെച്ചു. എന്നാൽ ദേശീയ-സംസ്ഥാന കമ്മറ്റികളോട് ആലോചിച്ച ശേഷം പാർട്ടി നിലപാട് സ്വീകരിക്കുമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയും ഇടി മുഹമ്മദ് ബഷീറും സ്വീകരിച്ച നിലപാട്.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News