പിഎഫ്‌ഐ നേതാവ് എ. അബ്ദുൽ സത്താർ എൻ.ഐ.എ കസ്റ്റഡിയിൽ
വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ചവരെയാണ് കസ്റ്റഡി അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിങ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു എൻഐഎയുടെ വാദം. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്നും ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയില്‍ അന്വേഷണം വേണമെന്നും എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സത്താറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം . പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുള്ള അക്രമങ്ങളും എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ വന്നേക്കും. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകൾ വിളിച്ചു വരുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ കേസിലും അബ്ദുൽ സത്താറിനെ പ്രതിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.