പി.ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു; ഒ.പി ബഹിഷ്‌കരണം തുടരും
അത്യാഹിത വിഭാഗങ്ങളിൽ ജോലിക്ക് കയറാനാണ് തീരുമാനം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികളുടെ സമരം ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗങ്ങളിൽ ജോലിക്ക് കയറും. എന്നാൽ ഒപി ബഹിഷ്‌കരണം തുടരുമെന്നും പിജി ഡോക്ടർമാർ അറിയിച്ചു. അതേസമയം റൂറൽ ആശുപത്രികളിൽ ഹൗസ് സർജൻമാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. പി ജി വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാൻ മെഡിക്കൽ കോളേജുകൾ പരാതി പരിഹാര സെൽ സ്ഥാപിക്കും. ആരോഗ്യ സെക്രട്ടറി ഇതിന് മേൽനോട്ടം വഹിക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
അതേസമയം ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. എഫ്‌ഐആറിലെ പിഴവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.. ഹൈക്കോടതിയുടെ വിമർശനവും എഫ് ഐ ആറിലെ പിഴവും കടുത്ത നാണക്കേടുണ്ടാക്കിയതായി എഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. സന്ദീപിനെ ചികിത്സിക്കുമ്പോൾ പൊലീസുകാർ മാറി നിന്നതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
പ്രതി സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തന്നെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി സന്ദീപ് താൻ അധ്യാപകനായിരുന്ന സ്‌കൂളിലെ പ്രിൻസിപ്പലിന് വീഡിയോ സന്ദേശം അയച്ചതായി കൊട്ടാരക്കര പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർ വന്ദന ചികിൽസിക്കുന്ന ദൃശ്യങ്ങൾ സന്ദീപ് ആർക്കാണ് അയച്ചതെന്നും വ്യക്തമല്ല. പ്രതി ലഹരിവസ്തുക്കൾ ഉപയോഗിച്ചിചതായും പൊലീസിന് കണ്ടെത്താൻ ആയിട്ടില്ല. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.