ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്ഥ്യവും ശ്വാസതടസവും: 50 ലേറെ കുട്ടികൾ ആശുപത്രിയിൽ
സ്‌കൂളിനടുത്തുള്ള ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കാരണം
Update: 2024-07-04 09:29 GMT
കാസർഗോഡ്: കാഞ്ഞങ്ങാട് സ്കൂളിലെ ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്‌ഥകളും ശ്വാസതടസവും അനുഭവപ്പെട്ട അമ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയകോട്ട ലിറ്റിൽ ഫ്ളവർ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് ചികിൽസ തേടിയത്.
സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റർ രാവിലെ പ്രവർത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികൾക്ക് ശ്വാസതടസമുൾപ്പെടെ ഉണ്ടായത്.
ഇന്ന് രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്‌ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.