സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി; കെ.കെ ശൈലജയും എം.ബി രാജേഷും പരിഗണനയില്‍
സി.പി.എമ്മിന്‍റെ അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും
സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. ഇക്കാര്യം സി.പി.എമ്മിന്‍റെ അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സംസ്ഥാന സമിതി അനുമതി നല്‍കി. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് എം.വി ഗോവിന്ദനെ ഇന്ന് സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയാണ് അദ്ദേഹം. എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസ്ഥാനത്തു നിന്ന് മാറും.
കെ കെ ശൈലജ, എം ബി രാജേഷ്, എ സി മൊയ്തീന്‍ തുടങ്ങിയവരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സജി ചെറിയാന്‍റെ ഒഴിവും നികത്താനുണ്ട്. വീണ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഘടക കക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നായിരുന്നു സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. ഇതെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.