നരേന്ദ്രമോദി 'പൈജാമയിട്ട പിണറായി' എന്നു ശൈലി പരിഷ്‌ക്കരിക്കേണ്ട സ്ഥിതിയായി- നജീബ് കാന്തപുരം
''അഴിമതിയുടെയും ലോകായുക്തയുടെയും(കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബി.ജെ.പിയുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബി.ജെ.പി അതിന് എങ്ങനെ എതിരുപറയും?''
തടസ്സമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എൽ.എ. ലോകായുക്തയെ നിർവീര്യമാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമാർഗം പരിശോധിച്ചാൽ പിണറായി വിജയൻ 'മുണ്ടുടുത്ത മോദിയാണ്' എന്ന ശൈലി നരേന്ദ്ര മോദി 'പൈജാമയിട്ട പിണറായി'യാണ് എന്നാക്കി പരിഷ്‌ക്കരിക്കേണ്ട സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകായുക്തയെ നിർവീര്യമാക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും(കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബി.ജെ.പിയുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബി.ജെ.പി അതിന് എങ്ങനെ എതിരുപറയും? കേന്ദ്രനയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളാണല്ലോ ബി.ജെ.പിയുടെ ആവശ്യം. നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതിൽ ഭേദഗതി അവശ്യമായി വരിക. എന്നാൽ ഒരു നിയമം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും-ഫേസ്ബുക്ക് കുറിപ്പിൽ നജീബ് വിമർശിച്ചു.
ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ 'മുണ്ടുടുത്ത മോദിയാണ്' എന്ന ശൈലി പരിഷ്‌കരിച്ച് നരേന്ദ്ര മോദി 'പൈജാമയിട്ട പിണറായിയാണ്' എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാനെന്നും അദ്ദേഹം പരിഹസിച്ചു.