ഇന്ധനവില വർധന സംസ്ഥാനങ്ങളിൽ വിലക്കയറ്റമുണ്ടാക്കുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
കേന്ദ്രം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാറുകൾക്ക് ഒരംശം പോലും ലഭിക്കാത്ത നികുതിയാണ്
കണ്ണൂർ: ഇന്ധനവില വർധന സംസ്ഥാനങ്ങളിൽ വിലക്കയറ്റമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില നിയന്ത്രണത്തിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ബി.ജെ.പി സർക്കാർ എക്‌സൈസ് നികുതി വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാറുകൾക്ക് ഒരംശം പോലും ലഭിക്കാത്ത നികുതിയാണ്. സമ്പന്നരുടെ മുകളിലുള്ള പ്രത്യക്ഷ നികുതി കുറയ്ക്കുകയും സ്വത്ത് നികുതി നിർത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി പാവപ്പെട്ടവന്റെ ചുമലിൽ അധികഭാരം കെട്ടിവെക്കുകയാണ് ബി.ജെ.പി സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ൽ അധികാരത്തിൽ വന്ന ശേഷം ഇടത് സർക്കാർ നികുതി കൂട്ടിയില്ല. കോവിഡ് കാലത്ത് പോലും എൽ.ഡി.എഫ് സർക്കാർ നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പെട്രോൾ ഡീസൽ നികുതി മറ്റ് സംസ്ഥാനങ്ങൾ കൂട്ടിയപ്പോഴും കേരളം കൂട്ടിയില്ല.നികുതി കുറയ്ക്കണമെന്ന് പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്നിടത്തെ വില നോക്കണമെന്നും പിണറായി പറഞ്ഞു.