ബിജെപിക്കുള്ള ബദൽ ഇടതുപക്ഷമെന്ന് പിണറായി, ഫാസിസത്തെ തടയാൻ മതനിരപേക്ഷ ജനാധിപത്യ മുന്നണിയാണ് വേണ്ടതെന്ന് ചിന്ത പത്രാധിപർ

സ്വത്വ രാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന്‍റെ ശക്തിയെ ചോര്‍ത്തുമെന്ന് പിണറായി, ആർഎസ്എസിനെയും ജനസംഘത്തെയും വരെ അണിനിരത്തി അടിയന്തരാവസ്ഥയെ നേരിട്ടത് വിശദീകരിച്ച് ചിന്ത പത്രാധിപർ

Update: 2021-10-19 14:45 GMT
Editor : Sikesh | By : Web Desk
Advertising

ആർഎസ്എസും ബിജെപിയും ഉൾപ്പെടുന്ന സവർണ ഫാസിസത്തിനെതിരെയുളള ബദലിൽ വ്യത്യസ്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം മുഖവാരികയായ ചിന്തയുടെ പത്രാധിപരും. ഒക്ടോബർ ലക്കത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിന്ത വാരികയിലാണ് ഇരുവരുടെയും അഭിപ്രായങ്ങൾ. കോൺ​ഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്നും സ്വത്വ രാഷ്ട്രീയം വർ​ഗ രാഷ്ട്രീയത്തിന്റെ ശക്തിയെ ചോർത്തുമെന്നുമുളള പാർട്ടി ലൈൻ പിണറായി വിജയൻ ലേഖനത്തിലൂടെ വിശദീകരിക്കുമ്പോൾ ആർഎസ്എസിനെയും ജനസംഘത്തെയും വരെ അണിനിരത്തി വിശാല അടിസ്ഥാനത്തിൽ 1975ൽ അടിയന്തരാവസ്ഥയെ എതിർത്ത കാര്യം കൂടി പത്രാധിപർ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് ബദലാവാൻ കോൺ​ഗ്രസിനാവില്ലെന്നാണ് പിണറായി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. അതേസമയം മതനിരപേക്ഷ മുന്നണിയാണ് ഇപ്പോൾ വേണ്ടതെന്നാണ് പത്രാധിപരുടെ കോളത്തിന്റെ തലക്കെട്ട്.

ദേശീയ തലത്തിൽ ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാക്കളെ അക്കമിട്ട് നിരത്തി കോൺ​ഗ്രസ് സഖ്യത്തോടുളള നിലപാടാണ് പിണറായി ലേഖനത്തിൽ ആവർത്തിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വവും ജനവിരുദ്ധ സാമ്പത്തികനയങ്ങളും അഴിമതിയുമാണ് ബിജെപിക്ക് വളരാനും അധികാരത്തിലേറാനും വളമായത്. വര്‍ഗീയതയ്ക്കും അവസരവാദത്തിനും കീഴടങ്ങിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ കയ്യൊഴിയുന്ന കാഴ്ചയാണ് കേരളമുള്‍പ്പെടെ ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നത്. സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു. ഏഴു വര്‍ഷം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമായിരിക്കുന്നു. 'ബിജെപിക്ക് ബദല്‍' എന്ന മുദ്രാവാക്യമാണുയര്‍ത്തുന്നതെങ്കിലും ദേശീയതലത്തിലെ പ്രമുഖരുള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്നും അനവധിയാളുകള്‍ ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

കോണ്‍ഗ്രസിന്‍റെ രൂപീകരണം മുതല്‍ക്കേ അതില്‍ മതനിരപേക്ഷതയുടെ ഉള്ളടക്കമുണ്ട് എന്നതില്‍ ആരും തര്‍ക്കം ഉന്നയിക്കുന്നില്ല. സ്വാതന്ത്ര്യസമര ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രവും കോണ്‍ഗ്രസിനുണ്ട്. അത്തരം പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ് ഇത്തരത്തില്‍ നശിച്ചു നാമാവശേഷമായിപ്പോകുന്നത് മതേതര ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്. എന്നാല്‍, സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ വീഴ്ച ഉണ്ടാകുന്നു എന്നാണ് കോണ്‍ഗ്രസിനകത്തുള്ളവരില്‍ തന്നെ പലരും ആരോപിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്വത്വ രാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന്‍റെ ശക്തിയെ ചോര്‍ത്താനുള്ള ആയുധമാണെന്നും അത് നമ്മുടെ പൊതുവായ നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ കാരണമാകുമെന്ന് മനസിലാക്കണമെന്നും പിണറായി പറയുന്നു.

വായനക്കാരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സവര്‍ണ ഫാസിസത്തിനെതിരായ ജനാധിപത്യ മുന്നണിയെക്കുറിച്ച് പത്രാധിപർ തന്റെ കോളത്തിലൂടെ വിശദീകരിക്കുന്നത്. ഫാസിസം ഒരു വ്യക്തിയുടേയോ, പാര്‍ടിയുടേയോ നേതൃത്വത്തില്‍ മാത്രമേ വരാവു എന്നില്ല. കാലത്തിനനുസരിച്ച് ഏതു രൂപവും സ്വീകരിക്കും. ഇന്നത്തെ ഫാസിസ്റ്റുശക്തികള്‍ ഗോമാതാവ്, രാമക്ഷേത്രം, ശബരിമല, ലൗ ജിഹാദ് എന്നിവയുടെ മേല്‍വിലാസത്തില്‍ മുന്നോട്ടുനീങ്ങുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹിന്ദു വര്‍ഗീയത സവര്‍ണ മേധാവിത്വവുമായും ബന്ധപ്പെട്ടതാണല്ലോ. സവര്‍ണ ഫാസിസത്തിനെതിരായ രാഷ്ട്രീയ മുന്നണി ഇന്ത്യയില്‍ ഉയര്‍ന്നുവരുമോ? 'മതേതര ജനാധിപത്യ മുദ്രാവാക്യം' കൊണ്ട് മാത്രം ഫാസിസത്തെ നേരിടാന്‍ കഴിയുമോ? എന്നതാണ് ചോദ്യം.

1975ൽ ഇന്ദിരാ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജലന്ധർ പാർട്ടി കോൺ​ഗ്രസ് അതിനെ വിലയിരുത്തിയതും ഉദാഹരിച്ചാണ് പത്രാധിപരുടെ മറുപടി. ഫാസിസത്തെ ഒരു വ്യക്തിയുടെയോ പാര്‍ടിയുടെയോ മാത്രം സൃഷ്ടിയായിട്ടല്ല കാണേണ്ടത്. തങ്ങളുടെ അധികാരത്തിനുനേരെ ജനങ്ങളുടെ വെല്ലുവിളി ഉയരുമ്പോള്‍ കുത്തക മുതലാളിത്തമാണ് ഫാസിസ്റ്റ് വാഴ്ച ഏര്‍പ്പെടുത്തുന്നത്. അത് ഏത് മുതലാളിത്ത പാര്‍ടി ഭരിക്കുമ്പോഴും ഉണ്ടാകാം.

ഇതിനര്‍ഥം ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെ ആര്‍എസ്എസ് - ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നോ അങ്ങനെചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നോ ആണ്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവരെ അന്ന് എതിര്‍ത്തത് അതിന് എതിരായ എല്ലാ ജനവിഭാഗങ്ങളുടെയും - ആര്‍എസ്എസ് ജനസംഘക്കാര്‍ ഉള്‍പ്പെടെ - വിശാലാടിസ്ഥാനത്തില്‍ അണിനിരത്തിയാണ്. അതേപോലെ ഇപ്പോഴത്തെ ജനവിരുദ്ധ ഭരണകൂടശക്തികളെ എതിര്‍ക്കാന്‍ മതനിരപേക്ഷ ജനാധിപത്യപാര്‍ടികളെയും ശക്തികളെയും അണിനിരത്തണം. അത് വലിയൊരു ജനസഞ്ചയമാണ്. ബദല്‍ രാഷ്ട്രീയമുന്നണിയല്ല. ഫാസിസത്തിലേക്കുള്ള രാജ്യത്തിന്‍റെ പോക്ക് തടയാൻ ആദ്യം മോദി മന്ത്രിസഭയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിനായി മതനിരപേക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കണമെന്നുമാണ് പത്രാധിപർ വ്യക്തമാക്കുന്നത്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News