മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്- തിരിച്ചടിച്ച് മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ്
''ഇത് വളരെ നല്ലൊരു ഇതാണ്. ഇതിനുവേണ്ടി എന്റെ എല്ലാവിധ ഇതും ഉണ്ടായിരിക്കും'' പോസ്റ്റിന് താഴെ ടി. സിദ്ദിഖ് എഴുതി
കേരളത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിൽ മദ്യം വിൽക്കാനായി ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുമെന്ന സർക്കാർ തീരുമാനം പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.
അതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പഴയൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ 2016 ഏപ്രിൽ 18 ന് അന്നത്തെ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.
കൂടുതൽ കൂടുതൽ മദ്യശാലകൾ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി " മദ്യ നിരോധനം നടപ്പാക്കുന്നത്? എന്ന് പോസ്റ്റിൽ പിണറായി വിജയൻ ചോദിച്ചിരുന്നു. ''മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയദാർഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്''- പിണറായി വിജയൻ അന്ന് ഇങ്ങനെയാണ് എഴുതിയത്. കൂടാതെ മദ്യ വിപത്ത് ചെറുക്കാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും അന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.
പോസ്റ്റിന് താഴെ നിരവധി പേരാണ് ഇപ്പോൾ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. കല്‍പ്പറ്റ എംഎൽഎ ടി. സിദ്ദിഖും പോസ്റ്റിന് പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെയെഴുതി.
'മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണുള്ളത്...' ?? ഇത് വളരെ നല്ലൊരു ഇതാണ്. ഇതിനുവേണ്ടി എന്റെ എല്ലാവിധ ഇതും ഉണ്ടായിരിക്കും...
കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. ബെവ്‌കോയ്ക്ക് മാത്രമല്ല, നല്ല വാടക തരുന്ന ആർക്കും അടഞ്ഞു കിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകുമെന്ന് വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.
മദ്യവിൽപ്പന ശാലകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദം അദ്ദേഹം തള്ളി. 'ബെവ്‌കോ കേരളത്തിൽ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ല. മദ്യം വാങ്ങി ബസ്സിൽ കയറി കൊണ്ടു പോകുന്നുണ്ടല്ലോ. സ്റ്റാൻഡിൽ വച്ച് ഉപയോഗിക്കാൻ പാടില്ലല്ലോ. ഒരിടത്തും കാണാത്ത അച്ചടക്കമല്ലേ ബെവ്‌കോയ്ക്ക് മുമ്പിൽ കാണുന്നത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയ്താൽ കർശനമായി നേരിടും'- അദ്ദേഹം വ്യക്തമാക്കി.