പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി

പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

Update: 2022-03-14 09:33 GMT
Editor : ijas
Advertising

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി.പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് അപ്പീലിൽ പറയുന്നു. സർക്കാർ നൽകിയ അപ്പീൽ മകളോടുള്ള അനീതിയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. കേസുമായി മുന്നോട്ടു പോകുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.

കേസില്‍ പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 25000 രൂപ കോടതി ചെലവും നല്‍കണം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. അതേസമയം മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ വൈകാതെ കണ്ടെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. മാപ്പപേക്ഷ സ്വീകരിക്കില്ലെന്നാണ് കുട്ടിയുടെ പിതാവ് ഇതിന് മറുപടി നല്‍കിയത്.

പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു. സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കുടുംബം പറഞ്ഞു. സംഭവത്തിനു ശേഷം കുട്ടി മാനസികമായി ഏറെ ബുദ്ധിമുട്ട് നേരിട്ടെന്നും രാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു. സർക്കാരിൽ നിന്നും പൊലിസിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചതെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News