തെരഞ്ഞെടുപ്പ് തോൽവിയില്‍ പ്രതിപക്ഷ നേതാവിന് ഉത്തരവാദിത്തമുണ്ട്; ചെന്നിത്തലക്കെതിരെ പിജെ കുര്യൻ

മത്സരരംഗത്ത് ഇല്ലാതിരുന്ന മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല

Update: 2021-05-10 08:15 GMT
Editor : Shaheer | By : Web Desk
Advertising

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ മൻ ഡെപ്യൂട്ടി ചെയർമാനുമായ പിജെ കുര്യൻ. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് തോൽവിയുടെ പ്രധാന ഉത്തരവാദിത്തം ചെന്നിത്തലയ്ക്കാണെന്ന് കുര്യൻ 'മീഡിയാവണ്ണി'നോട് പറഞ്ഞു. മത്സരരംഗത്ത് ഇല്ലാതിരുന്ന മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അടുത്ത മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ആളുകൾ കാണുന്നത് പ്രതിപക്ഷ നേതാവിനെയാണ്. തോൽവിയുടെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനുമുണ്ടെന്നത് ഏതു തെരഞ്ഞെടുപ്പിലുമുള്ള യാഥാർത്ഥ്യമാണ്. ഏതു തെരഞ്ഞെടുപ്പിലും മുന്നിൽനിന്ന് നയിക്കുന്നത് പ്രതിപക്ഷ നേതാവാണ്. അപ്പോൾ ഉത്തരവാദിത്തം കൂടുതൽ അദ്ദേഹത്തിനു തന്നെയാണ്-കുര്യൻ പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. ജംബോ കമ്മിറ്റികൾ ഉണ്ടായത് ഗ്രൂപ്പുകൾ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയതു കൊണ്ടാണ്. പാർട്ടി നേതൃത്വം ഗ്രൂപ്പുകൾ മാറ്റിവച്ചു പ്രവർത്തിക്കണം. ഗ്രൂപ്പ് താൽപര്യങ്ങളെക്കാളും പാർട്ടി താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ നേതൃത്വം തയാറാകണമെന്നും കുര്യൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും കുര്യൻ പാർട്ടി പരാജയത്തിൽ ആഞ്ഞടിച്ചിരുന്നു. പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നാണ് കുര്യൻ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News