'പൃഥ്വിരാജിന്റെ ജനനം മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്...' സംഘപരിവാറിനെ പരിഹസിച്ച് അബ്ദുറബ്ബ്
പഴയ 'എടപ്പാൾ ഓട്ടം' സംഘപരിവാറിനെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫേസ്ബുക് കുറിപ്പ്.
ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുറബ്ബ് രംഗത്ത്. സംഘപരിവാറിനെ ട്രോളിക്കൊണ്ടാണ് അബ്ദുറബ്ബ് പൃഥ്വിരാജിനുള്ള പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചത്. പഴയ 'എടപ്പാൾ ഓട്ടം' ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫേസ്ബുക് കുറിപ്പ്.
ലക്ഷദ്വീപിലെ കേന്ദ്ര അധിനിവേശ നീക്കത്തെ വിമർശിച്ച പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്റർ ലേഖനം എഴുതിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഈ പശ്ചാത്തലം കൂടി ഉൾപ്പെടുത്തിയാണ് അബ്ദുറബ്ബിന്റെ പരിഹാസം കലർന്ന ഫേസ്ബുക് പോസ്റ്റ്.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ആദ്യം വിമർശനവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതിനുപിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ സൈബർ സ്പേസിൽ വലിയ തരത്തിലുള്ള ആക്രമണമാണ് താരത്തിനെതിരെ അഴിച്ചുവിട്ടത്. നേരത്തെ വിടി ബൽറാം, നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.