''ലോക കേരളസഭയുടെ ഗുണങ്ങളെ അംഗീകരിക്കുന്നു, പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ മൂലം''- കുഞ്ഞാലിക്കുട്ടി
യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്‍റെ പ്രവാസി സംഘടനകൾ ലോക കേരളസഭയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ കാര്യങ്ങളാലാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുസ്‍ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷത്തിന് പ്രവാസികളുടെ പ്രശ്നങ്ങൾ അറിയാമെന്നും എന്നാല്‍ സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യു.ഡി.എഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്‍റെ പ്രവാസി സംഘടനകൾ ലോക കേരളസഭയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം അനിത പുല്ലയിൽ ലോക കേരള സഭയില്‍ പങ്കെടുത്തതില്‍ അധികൃതര്‍ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്‍റെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാര്യങ്ങള്‍ മൂലമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നത്. എന്നിരുന്നാലും ലോക കേരള സഭയുടെ ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവന ഇന്നലെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കെ എം ഷാജിയുടെ പരാമർശത്തിൽ ഇന്നുച്ചയ്ക്ക് മറുപടി പറയുമെന്നും വ്യക്തമാക്കി.
കേന്ദ്രം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടി ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഓര്‍മപ്പെടുത്തി. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.