കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവ്; വീഴ്ചകൾ പരിശോധിച്ച് മുന്നോട്ടു പോകുമെന്ന് നേതൃത്വം
ഇടതു തരംഗത്തിനിടയിലും പാർട്ടിക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
മുസ്‌ലിം ലീഗിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. എം.കെ മുനീറാണ് ഉപനേതാവ്. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗത്തിനിടയിലും പാർട്ടിക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വരവിന് തടയിടാനായത് നേട്ടമാണ്. ഏഴു മണ്ഡലങ്ങളിൽ ഭൂരിപക്ഷം വർധിപ്പിക്കാനായി.
താനൂരിൽ തോറ്റെങ്കിലും ഇടത് എം.എൽ.എയുടെ ഭൂരിപക്ഷം കുറക്കാനായി. ജില്ലയ്ക്ക് പുറത്ത് മൂന്നു മണ്ഡലങ്ങളിൽ തോറ്റു. നേരിയ ഭൂരിപക്ഷത്തിനാണ് സീറ്റ് നഷ്ടമായത്. കൊടുവള്ളിയിൽ സീറ്റ് തിരിച്ചു പിടിച്ചു. കാസർകോട്ട് 5000 വോട്ടിന്‍റെ ഭൂരിപക്ഷം വർധിച്ചു. തവനൂരിൽ ഭൂരിപക്ഷം കുറയ്ക്കാനായി. ബി.ജെ.പി വോട്ടിൽ നല്ലൊരു ശതമാനം സി.പി.എമ്മിന് പോയിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
മുസ്ലിം ലീഗിന് പരാജയമുണ്ടായെന്ന പ്രചാരണം അതിശയകരമാണ്. കൊടുംകാട്ടിൽ ഉലയാതെ നിന്ന പ്രസ്ഥാനത്തിന് നേരെയുള്ള വിമർശനങ്ങൾ തെറ്റാണെന്നും വസ്തുതാപരമായി പരിശോധിച്ചാൽ ലീഗിന്‍റേത് മികച്ച പ്രകടനമാണെന്നും പാർട്ടി എന്ന നിലയിലും മുന്നണിയെന്ന നിലയിലുമുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, പാർട്ടി എം.എൽ.എമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.