'യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു, യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കി'; ലോകകേരള സഭയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്

യൂസുഫലിയെ കെ.എം ഷാജി വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ മറുപടി നൽകിയില്ല

Update: 2022-06-19 12:08 GMT
Advertising

ലോകകേരള സഭയിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമർശിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പരാമർശത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷത്തെ വിമർശിച്ച എം.എ യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കിയെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് തങ്ങളുടെ പ്രതികരണം. യൂസുഫലിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യൂസുഫലിയെ കെ.എം ഷാജി വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ മറുപടി നൽകിയില്ല. പറയാനുള്ളതെല്ലാം തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പോലെ പൂർണമായി ബഹിഷ്‌കരിക്കുകയല്ല, ഇക്കുറി ചെയ്തതെന്നും യുഡിഎഫ് പ്രതിപക്ഷ സംഘടനകൾ ലോക കേരള സഭയിൽ പങ്കെടുത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ബഹിഷ്‌കരിച്ചാൽ പിന്നീട് പോകില്ല എന്ന അർഥമില്ലെന്നും പരിപാടിയുടെ നേട്ടങ്ങളെ ബാധിക്കുന്ന തരത്തിൽ നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നുണ്ടെന്നും അതിനെ പരിഹരിക്കാൻ മതമേലധ്യക്ഷന്മാർ താഴെതട്ടിൽ സന്ദേശങ്ങൾ നൽകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പർധ വളർത്തുന്ന ശക്തികൾ ന്യൂനപക്ഷങ്ങൾക്കിടയിലും ഭൂരിപക്ഷങ്ങൾക്കിടയിലുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭൂരിപക്ഷ വർഗീയതയ്ക്ക് തടയിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് കേരളത്തിൽ ശാശ്വത ഭരണമുണ്ടാകില്ലെന്നും മൂന്നാം മുന്നണിയുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഗ്നിപഥ് യുവാക്കളുടെ മനോവീര്യം തകർക്കുകയാണെന്നും നാലു വർഷത്തിന് ശേഷം ട്രെയിനിങ് കിട്ടിയ യുവാക്കൾ തൊഴിൽ രഹിതരായി പുറത്ത് നിൽക്കുന്നത് സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവനയിൽ ഇന്നുച്ചക്ക് മറുപടി പറയുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.


Full View

ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് യു.ഡി.എഫിനെ വിമർശിച്ച എം.എ യൂസുഫലിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടിൽപ്പോയി മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു.ഡി.എഫിനെയും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു ഷാജിയുടെ പ്രതികരണം. ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച് ഞങ്ങൾക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടിൽപ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നത്- ഷാജി പറഞ്ഞു.

ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരിൽ എം.എ യൂസുഫലി യു.ഡി.എഫിനെതിരെ വിമർശനമുന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലോക കേരള സഭയിൽ സംസാരിക്കുമ്പോൾ യൂസുഫലി പറഞ്ഞിരുന്നു. ലോക കേരള സഭ ധൂർത്താണെന്ന പ്രതിപക്ഷനേതാവിൻറെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.

അതേസമയം രാഷ്ട്രീയ കാര്യങ്ങളാലാണ് ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നതെന്ന് മുസ്‌ലിം ലീഗ് എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. പ്രതിപക്ഷത്തിന് പ്രവാസികളുടെ പ്രശ്‌നങ്ങൾ അറിയാമെന്നും എന്നാൽ സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യു.ഡി.എഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്റെ പ്രവാസി സംഘടനകൾ ലോക കേരളസഭയിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിൻെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാര്യങ്ങൾ മൂലമാണ് ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നത്. എന്നിരുന്നാലും ലോക കേരള സഭയുടെ ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രം നടപ്പാക്കുന്ന അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടി ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഓർമപ്പെടുത്തി. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.


Full View


PK Kunhalikutty and Sadikal shiahb responds to KM Shaji's statement against Lulu Group Chairman MA Yusufali

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News