സായിപ്പിനെതിരെ ഖദറിട്ടു, ഗാന്ധിത്തൊപ്പി ധരിച്ചു; വാര്യരെന്ന വിപ്ലവകാരി
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പഠനം ഉപേക്ഷിച്ച് സമരരംഗത്തേക്കിറങ്ങി. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു വാസം
ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ പികെ വാര്യർ കടന്നുപോയത് അതികഠിനമായ ജീവിത വഴികളിലൂടെ. ഇതിൽ ഏറ്റവും പ്രധാനം യൗവനത്തിളപ്പിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരപരമ്പരകളാണ്. കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിലും ആയുര്‍വേദ കോളജിലും പഠിക്കുന്ന കാലത്തായിരുന്നു വാര്യരുടെ സമരജീവിതം.
ഒരിക്കല്‍ സ്‌കൂൾ വാർഷികത്തിന് സായിപ്പിനെ മുഖ്യാതിഥിയാക്കിയതിലായിരുന്നു വാര്യർ ഉൾപ്പെട്ട കുട്ടികളുടെ പ്രതിഷേധം. സായിപ്പ് വരുന്ന ദിനം യൂണിഫോം ഉപേക്ഷിച്ച് ഖദറിട്ടാണ് കുട്ടികളെത്തിയത്. ആ വസ്ത്രങ്ങളിഞ്ഞ് സ്‌കൂളിലൂടെ മാർച്ചും ചെയ്തു. മറ്റൊരു വേളയിൽ ഗാന്ധിത്തൊപ്പി ധരിച്ചെത്തിയ വിദ്യാർത്ഥിയെ പുറത്താക്കിയ ഹെഡ്മാസ്റ്ററുടെ നടപടിക്കെതിരെ എല്ലാ വിദ്യാർത്ഥികളും ഗാന്ധിത്തൊപ്പി ധരിച്ചാണ് പ്രതിഷേധിച്ചത്. എ.കെ.ജി ഇടപെട്ടാണ് ആ സമരം അവസാനിപ്പിച്ചത്.
1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പഠനം ഉപേക്ഷിച്ച് സമരരംഗത്തേക്കിറങ്ങി. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു വാസം. യുദ്ധവിരുദ്ധ പ്രവർത്തനം, തെരുവുപ്രസംഗം, ജപ്പാൻ വിരുദ്ധ കവിതാലാപനം എന്നിവയായിരുന്നു അക്കാലത്തെ രാഷ്ട്രീയപ്രവർത്തനം. നിലമ്പൂർ, മഞ്ചേരി, പരപ്പനങ്ങാടി മേഖലയായിരുന്നു പ്രവർത്തന മേഖല.
പഠനം കളഞ്ഞ് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയ വാര്യരുടെ തീരുമാനം ജ്യേഷ്ഠൻ പിഎം വാര്യർക്ക് പിടിച്ചില്ല. വീട്ടിലേക്ക് മടങ്ങിച്ചെല്ലാൻ ആളെ വിട്ടെങ്കിലും വാര്യർ കൂട്ടാക്കിയില്ല. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം വൈദ്യപഠനം പുനരാരംഭിച്ചു. അമ്മാവൻ പിഎസ് വാര്യറായിരുന്നു വഴികാട്ടി. പഠനം പൂർത്തിയാകും മുമ്പു തന്നെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റി ബോർഡിൽ അംഗമായി.
1921ലാണ് പികെ വാര്യറുടെ ജനനം. അമ്പരത്തിൽ ശാന്തിക്കാരനായിരുന്ന അച്ഛൻ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരി പന്ത്രണ്ടു വയസ്സുള്ളപ്പോൾ മരിച്ചു. കോട്ടക്കൽ കോവിലകം സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് രാജാസ് സ്‌കൂളിലും അതു കഴിഞ്ഞ് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും.
എഞ്ചിനീയർ ആകാനായിരുന്നു വാര്യരുടെ മോഹം. എന്നാൽ വീട്ടുകാർ സമ്മതിച്ചില്ല. ഇഎംഎസ് വരെ ഇടപെട്ട ശേഷമാണ് വാര്യർ ആര്യവൈദ്യ പാഠശാലയിൽ (ഇന്നത്തെ ആയുർവേദ കോളജ്) ചേർന്നത്. 1940ലാണ് പാഠശാലയിൽ ചേർന്നത്. 42ൽ തന്നെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാനായി കോളജ് വിട്ടു. പിന്നീട് ഒരു കൊല്ലം കഴിഞ്ഞാണ് പഠനം പുനരാരംഭിച്ചത്.