'ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകില്ല'
പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേക സ്ഥലങ്ങളിൽ സംസകരിക്കും. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേക സ്ഥലങ്ങളിൽ സംസകരിക്കും. വീടുകളിലും ഫ്‌ളാറ്റുകളിലും മാലിന്യസംസ്‌കരണ പ്ലാന്റ് നിർബന്ധമാക്കും.
ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. തീയും പുകയും ശമിപ്പിക്കാൻ അടിയന്തര നടപടികളെടുത്തുവെന്നതാണ് യോഗത്തിലുണ്ടായ പൊതു വിലയിരുത്തൽ. ഇന്ന് രാത്രി പൂർണമായും തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തും. നാളെയോടെ തീയണക്കാൻ കഴിയുമെന്നാണ് യോഗത്തിലുണ്ടായ പൊതുവിലയിരുത്തൽ. ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള നിർദേശം നൽകാനും തീരുമാനിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുകയാണ്. എറണാകുളം കലക്ടർ, മേയർ, ചീഫ് സെക്രട്ടറി, എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ യോഗം വിളിക്കാമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ യോഗമാണ് അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് അഞ്ച് മണിയിലേക്ക് മാറ്റിയത്.
ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. ഇന്നലെയാണ് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി.