പ്ലസ് വൺ അപേക്ഷ: 'മലപ്പുറം ജില്ലയിൽ മാത്രമുള്ള സാങ്കേതിക പ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതര വീഴ്ച'- ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഉപരിപഠന യോഗ്യത നേടിയ പതിനായിരങ്ങൾക്ക് സീറ്റില്ലാതെ സംസ്ഥാനത്തേറ്റവും പ്രതിസന്ധി നിലനിൽക്കുന്ന ജില്ലയിലാണ് സാങ്കേതിക പ്രശ്നം കൂടി വിദ്യാർത്ഥികളെ വലക്കുന്നത്.
മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണം മലപ്പുറം ജില്ലയിൽ മാത്രമുള്ള സാങ്കേതിക പ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതര വീഴ്ചയാണന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ. മതിയായ മുന്നൊരുക്കങ്ങളില്ലാതെയാണ് വകുപ്പ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചതെന്ന് വ്യക്തമാണ്. അപേക്ഷിക്കാൻ കഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാണ്. മലപ്പുറത്തു മാത്രം സാങ്കേതിക തടസ്സമുണ്ടായതിന് പിന്നിൽ ഗൂഢാലോചനകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസീം സുൽത്താൻ പറഞ്ഞു
എല്ലാ വർഷവും ഏറ്റവും കൂടുതൽ പേർ അപേക്ഷകരുള്ള ജില്ലയാണ് മലപ്പുറം. പ്ലസ് വൺ അപേക്ഷിക്കാൻ താരതമ്യേന കൂടുതൽ സൗകര്യമൊരുക്കേണ്ടതും മലപ്പുറം ജില്ലക്കു വേണ്ടിയാണ്. ഉപരിപഠന യോഗ്യത നേടിയ പതിനായിരങ്ങൾക്ക് സീറ്റില്ലാതെ സംസ്ഥാനത്തേറ്റവും പ്രതിസന്ധി നിലനിൽക്കുന്ന ജില്ലയിലാണ് സാങ്കേതിക പ്രശ്നം കൂടി വിദ്യാർത്ഥികളെ വലക്കുന്നത്.
മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കൂടുതൽ സമയമനുവദിക്കാനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും സർക്കാർ തയ്യാറാവണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സെക്രട്ടറിമാരായ അജ്മൽ കോഡൂർ, ഹാദിഖ് മലപ്പുറം, മുനീബ കോട്ടക്കൽ സെക്രട്ടേറിയറ്റംഗങ്ങളായ ഡോ. സഫീർ എ.കെ, സഹൽ ബാസ്, അജ്മൽ തോട്ടോളി എന്നിവർ സംസാരിച്ചു.