പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിക്കെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ
കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തിരുന്നു
എറണാകുളം: പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസിലെ തുടർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ ഏർപ്പെടുത്തി. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.
കേസിൽ വിജിലിൻസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് കേസിലെ വിജിലൻസിന്റെ തുടർ നടപടികൾക്ക് സ്റ്റേ ഏർപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ദിവസം അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ഒരു വർഷത്തോളമായി അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി തെളിവെടുത്തത്. സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. 2020ൽ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.