പി.എം ആർഷോയുടെ മാർക്ക് വിവാദം; പരീക്ഷാ കൺട്രോളറുടെ വിശദമായ റിപ്പോർട്ട് ഇന്നുണ്ടാകും
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് വിവാദത്തിൽ പരീക്ഷാ കൺട്രോളറുടെ വിശദമായ റിപ്പോർട്ട് ഇന്നുണ്ടാകും. മഹാരാജാസ് കോളജ് പ്രിൻസിപ്പാൽ വി എസ് ജോയുടെ നിർദേശപ്രകാരമാണ് ഇത്. മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെങ്കിലും ആർഷോ പാസായി എന്ന് രേഖപ്പെടുത്തിയത് സോഫ്റ്റ്വെയറിന്‍റെ പിഴവ് കാരണം ആയിരിക്കാമെന്ന പ്രാഥമിക വിശദീകരണമാണ് ഇന്നലെ പരീക്ഷ കൺട്രോളർ നൽകിയത്.
അതേസമയം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം പി എം ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ കെ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം ലഭിക്കാൻ മന്ത്രി പി രാജീവ് നേരിട്ട് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തിന് സിപിഎം മറുപടി നൽകേണ്ടിവരും.
വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. കോളജ് അധികൃതരുടെ പരാതിയിൽ കെ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ് പ്രിൻസിപ്പാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.