ശരീഅത്ത് സംരക്ഷണത്തിൽ മുസ്‌ലിംകൾക്ക് ഒപ്പം നിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണം: പി.എം സാദിഖലി
സ്ത്രീ സ്വാതന്ത്ര്യം, സ്വത്തവകാശം, തുല്യ നീതി, ലിംഗ സമത്വം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം ഇത്യാദി കാര്യങ്ങൾ പൊടുന്നനെ സി.പി.എം പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ അത് നല്ലതാണെന്നും സാദിഖലി പറഞ്ഞു.
കോഴിക്കോട്: ഏക സിവിൽകോഡിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കാൻ മുസ്‌ലിംകളുടെ കൂടെനിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി.
ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതു യുക്തിക്ക് പകരം ഇസ്ലാമിക ശരിഅത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഞങ്ങൾ ഏതറ്റവും വരെ മുസ്ലിംകൾക്കൊപ്പം നിൽക്കുമെന്ന് പച്ചയായി പറയുന്നതല്ലേ കൂടതൽ ഭംഗി? അങ്ങിനെ പരസ്യമായി പ്രഖ്യാപിക്കുമ്പോഴല്ലെ സെമിനാർ നടത്തുന്നതിലെ ആത്മാർത്ഥത കുറച്ചു കൂടി പ്രകടമാകുകയെന്നും സാദിഖലി ചോദിച്ചു. സ്ത്രീ സ്വാതന്ത്ര്യം, സ്വത്തവകാശം, തുല്യ നീതി, ലിംഗ സമത്വം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം ഇത്യാദി കാര്യങ്ങൾ പൊടുന്നനെ സി.പി.എം പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സി പി എം സെമിനാറിന്റെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്.!പങ്കെടുക്കാത്തതിൽ രാഷ്ട്രീയം കാണുന്നവർ ഈ രാഷ്ട്രീയം ബോധപൂർവ്വം ഒളിച്ചു വെക്കുന്നു. സിവിൽ നിയമം ഒരിക്കലും ഏകീകൃത മാവില്ലെന്ന പരമാർത്ഥം പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ഓരോ ദിവസവും പുറത്ത് വരുന്നു. നോർത്ത് ഈസ്റ്റിലെ ജനങ്ങൾ, ഗോത്രവിഭാഗങ്ങൾ, കൃസ്ത്യൻ, സിഖ് മതങ്ങൾ തുടങ്ങിയവർ ഏകീകൃത നിയമത്തിന്റെ പരിധിയിൽ വരാത്ത വിധം പരിഗണിക്കപ്പെടുന്നു.
ഏങ്കിൽ പ്രബല ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ കൂടി ഭരണഘടന അനുശാസിക്കുന്ന വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷ താത്പര്യം എന്നിവ മുൻ നിർത്തി നിയമത്തിൽ നിന്നും ഒഴിവാക്കാമല്ലോ? കളിയിൽ ചോദ്യമില്ല !! മുസ്ലിം വിരോധം മാത്രം രാഷ്ട്രീയ വളർച്ചക്ക് ഇന്ധനമാക്കുന്ന സംഘപരിവാറിന്റെ അടുത്ത അജണ്ടയായ ഏക സിവിൽ കോഡിനു പിന്നിൽ ആ വിരുദ്ധത തന്നെയാണ് ഉള്ളതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.
അതായത് ഏകീകൃത സിവിൽ നിയമം എന്നത് ഫലത്തിൽ ഇസ്ലാമിക ശരിഅത്തിലെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയുടെ ദേദഗതിയോ ഉന്മൂലനമോ മാത്രമെന്ന് ചുരുക്കം. അങ്ങിനെയെങ്കിൽ സി പി എമ്മിനോട് ലളിതമായ ഒരു ചോദ്യം...! ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതു യുക്തിക്ക് പകരം ഇസ്ലാമിക ശരിഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഞങ്ങൾ ഏതറ്റവും വരെ മുസ്ലിംകൾക്കൊപ്പം നിൽക്കുമെന്ന് പച്ചയായി പറയുന്നതല്ലേ കൂടതൽ ഭംഗി?
അങ്ങിനെ പരസ്യമായി പ്രഖ്യാപിക്കുമ്പോഴല്ലെ സെമിനാർ നടത്തുന്നതിലെ ആത്മാർത്ഥത കുറച്ചു കൂടി പ്രകടമാകുക? സ്ത്രീ സ്വാതന്ത്ര്യം,സ്വത്തവകാശം,തുല്യ നീതി, ലിംഗ സമത്വം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം ഇത്യാദി കാര്യങ്ങൾ പൊടുന്നനെ സി പി എം പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ അത്രയും നന്ന് ! എല്ലാം ശുഭം !!
ഈ ചോദ്യം കോൺഗ്രസ്സിനോടാണെങ്കിൽ..അനുഭവമാണ് ഗുരു. വിവാഹ പ്രായം.,ശരിഅത്ത് സരംക്ഷണം, സൽമാൻ റുഷ്ദിയുടെ സാത്തനിക് വേഴ്സസ് തുടങ്ങിയ വിശ്വാസ കാര്യങ്ങളിൽ നിയമ നിർമാണത്തിനും നിയമ നിരോധനത്തിനും മുസ്ലിംകൾക്കൊപ്പം നിന്ന് ആത്മാർത്ഥത തെളിയിച്ചത് കോൺഗ്രസ്സാണ്. അപ്പോഴൊക്കെ കോൺഗ്രസ് മതമൗലികവാദികൾക്ക് കീഴടങ്ങി എന്ന വമ്പൻ പ്രചാരണത്തിലായിരുന്ന സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാടിലെ ആത്മാർത്ഥത എല്ലാവർക്കും ഒരു നവ്യാനുഭവം തന്നെ !!