ജമാഅത്തെ ഇസ്‍ലാമിക്കെതിരായ ആരോപണം മുഖ്യമന്ത്രി തെളിയിക്കണം; ഭീകരവാദ സംഘടനയെങ്കിൽ കേസെടുക്കാത്തത് എന്തുകൊണ്ട്? പിഎംഎ സലാം
പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് വോട്ട് മറിക്കാനെന്നും സലാം
കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി ഭീകരവാദ സംഘടനയാണെന്ന് പറയുമ്പോൾ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് വോട്ട് മറിക്കാനെന്നും സലാം മീഡിയവണിനോട് പറഞ്ഞു.
ഭീകരവാദ സംഘടനയാണങ്കിൽ ആഭ്യന്തരമന്ത്രിയായ പിണറായി വിജയൻ ജമാഅത്തെ ഇസ്‍ലാമിക്കെതിരെ കേസെടുക്കണം. എന്ത് ഭീകരവാദമാണ് ജമാഅത്തെ ഇസ്‍ലാമി കേരളത്തിൽ നടത്തിയതെന്നും സലാം ചോദിച്ചു.
മഅ്ദനിയോടൊപ്പം വേദി പങ്കിട്ടതും തീവ്രവാദിയാണെന്ന് പറഞ്ഞ് പിടിച്ചുകൊടുത്തതും സിപിഎമ്മാണ്. എസ്ഡിപിഐ പിന്തുണയോടെയാണ് പത്തനംതിട്ട നഗരസഭ സിപിഎം ഭരിക്കുന്നത് . തൃശൂരിൽ ബിജെപിക്ക് ലോക്സഭാ അംഗത്തെ നൽകിയത് പോലെ പാലക്കാട് നിന്ന് നിയമസഭയിലേക്കും ഒരംഗത്തെ നൽകാൻ നീക്കമെന്നും സലാം പറഞ്ഞു. പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് വോട്ട് മറിക്കാനെന്നും സലാം ആരോപിച്ചു.