'ബി.ജെ.പിക്കാരുമായി സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗം': വിവാദ ശബ്ദരേഖയില്‍ വിശദീകരണവുമായി സലാം

ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമര്‍ശിക്കുന്നില്ല- പിഎംഎ സലാം

Update: 2022-01-19 13:18 GMT
Editor : rishad | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന വിവാദ ശബ്ദരേഖയില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. 

ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമര്‍ശിക്കുന്നില്ല.  പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഏത് വോട്ടറോടും വോട്ടു ചോദിക്കാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ എല്ലാ സ്ഥാനാർത്ഥികളും അവരുടെ പാർട്ടിക്കാരും ആ കുറ്റം ചെയ്തവരാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സലാം വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാര്‍ട്ടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവര്‍ത്തകരേയും തെരഞ്ഞെടുപ്പ് വേളയില്‍ നേരില്‍ പോയി കണ്ട് അവരോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് എന്നെ വിളിച്ച പ്രാദേശിക പ്രവർത്തകനോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരും ആ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും വോട്ട് അഭ്യർത്ഥിച്ച് സമീപിക്കാറുണ്ട്. അതിൽ ജാതി,മത,പാർട്ടി വ്യത്യാസമുണ്ടാകാറില്ല.

ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് എന്നത് ആ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമര്‍ശിക്കുന്നില്ല.

പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഏത് വോട്ടറോടും വോട്ടു ചോദിക്കാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ എല്ലാ സ്ഥാനാർത്ഥികളും അവരുടെ പാർട്ടിക്കാരും ആ കുറ്റം ചെയ്തവരാണ്.

കോള്‍ റെക്കോര്‍ഡിന്‍റെ ചെറിയ ഒരു ഭാഗം മാത്രം മാധ്യമങ്ങള്‍ക്ക് അയച്ച് കൊടുത്തവര്‍ അതിന്‍റെ പൂര്‍ണ്ണഭാഗം പുറത്ത് വിടാനുളള മാന്യത കാണിക്കണം.

മുസ്ലീം ലീഗ് പാര്‍ട്ടിയില്‍ സ്വന്തമായി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഉണ്ടാക്കി സംഘടനയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ വരുമ്പോള്‍ അസ്വസ്ഥതകള്‍ സ്വാഭാവികം. നടപടി നേരിട്ടതിന് ശേഷം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചെലവഴിക്കുന്ന ഊര്‍ജ്ജത്തിന്‍റെ നൂറിലൊരംശം നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ സംഘടനക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ പഴയ ഫോണ്‍ റെക്കോര്‍ഡുകള്‍ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ല.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News