''അഭിനവ ചെക്കുട്ടിമാരെ വച്ച് പുത്തൻ ഫത്‌വകൾ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകില്ല''; ജലീലിനെതിരെ പിഎംഎ സലാം

ഇടതുമുന്നണിയുമായി മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവർത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവർ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടുപോരാനും ഇരു ലീഗുകളും ലയിക്കാനും കാരണമായത് അന്നത്തെ മാർക്‌സിസ്റ്റ് നേതാക്കളുടെ ശരീഅത്ത് വിരുദ്ധ നിലപാടുകളാണെന്ന കാര്യം ബോധപൂർവം മറച്ചുവയ്ക്കുകയാണെന്ന് മുസ്‍ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം

Update: 2022-01-15 15:17 GMT
Editor : Shaheer | By : Web Desk
Advertising

കെടി ജലീലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‍ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇടതുമുന്നണിയുമായി മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവർത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവർ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടുപോരാനും ഇരു ലീഗുകളും ലയിക്കാനും കാരണമായത് അന്നത്തെ മാർക്‌സിസ്റ്റ് നേതാക്കളുടെ ശരീഅത്ത് വിരുദ്ധ നിലപാടുകളാണെന്ന കാര്യം ബോധപൂർവം മറച്ചുവയ്ക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അഭിനവ ചെക്കുട്ടിമാരെ വച്ച് പുത്തൻ ഫത്‌വകൾ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകുമെന്ന് കരുതേണ്ടെന്നും സലാം പറഞ്ഞു. കമ്മ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽനിന്ന് പുറത്താണെന്ന് വിധി പറഞ്ഞ മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം മുൻപ് നിയമസഭയിലെത്തിയത് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ കൊണ്ടാണെന്നായിരുന്നു ജലീലിന്റെ വിമർശനം.

യുവതലമുറയിൽ മതനിരാസവും ദൈവനിഷേധവും പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും ന്യൂനപക്ഷാവകാശങ്ങൾ ഒന്നൊന്നായി അട്ടിമറിക്കപ്പെടുമ്പോഴും അരുതെന്ന് കമ്മ്യൂണിസത്തോട് ഉറക്കെപ്പറയാൻ ലീഗ് മുന്നിട്ടിറങ്ങിയതാണ് ബ്രാഞ്ച് മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള നിലവിളികളുടെ പ്രധാന ഹേതുവെന്ന ബോധ്യം പാർട്ടിക്കുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു മാസക്കാലം ദിനേനെയെന്നോണം ലീഗിനെതിരെ പ്രസംഗിച്ചിട്ടും പ്രസ്താവനയിറക്കിയിട്ടും സാധിക്കാത്തത് എകെജി സെന്ററിലെ കൂലിപ്രാസംഗികരെക്കൊണ്ട് സാധിക്കുമെന്നത് സിപിഎമ്മിന്റെ മിഥ്യാധാരണയാണ്-സലാം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയിൽ നാഷണൽ ലീഗിന്റെ പ്രതിനിധിയായി എംഎൽഎയായ ആളാണ് താനെന്നത് പുതിയ വെളിപാടല്ലെന്നും സലാം പറഞ്ഞു. രാഷ്ട്രീയജീവിതത്തിൽ ഇടയ്ക്ക് മുസ്‌ലിം ലീഗ് പാർട്ടിയോട് രണ്ടുതവണ പിണങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു കാലത്തും നിഷേധിച്ചിട്ടില്ല. മഹാന്മാരായ സുലൈമാൻ സേട്ട് സാഹിബിന്റെയും സയ്യിദ് ഉമ്മർ ബാഫഖി തങ്ങളുടെയും എംകെ ഹാജിയുടെയുമെല്ലാം കൂടെയായിരുന്നു അക്കാലങ്ങളിൽ. മറ്റു ചിലരെപ്പോലെ ഏതെങ്കിലും പാർട്ടി ഓഫീസിന്റെ വരാന്തയിൽ കാവലിരിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്നുള്ള വാദത്തിന് മുസ്ലിം സമുദായം വിലകൽപിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജലീൽ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഭൗതികവാദികളുമായും സഹകരിക്കാമെന്നും അവർക്ക് വോട്ട് ചെയ്യാമെന്നും 1967ൽ പരസ്യമായി പ്രഖ്യാപിച്ചത് ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും പാണക്കാട് പൂക്കോയ തങ്ങളുമാണ്. സാക്ഷാൽ നിരീശ്വരവാദിയായിരുന്ന ഇഎംഎസിന്റെ മന്ത്രിസഭയിൽ ലീഗിന്റെ നാവായ സിഎച്ചും ഏറനാടൻ പ്രമാണി അഹമ്മദ് കുരിക്കളും അന്ന് മന്ത്രിമാരായി. ശുദ്ധ ഭൗതികനായിരുന്ന സി. അച്ചുതമേനോൻ എന്ന തനി കമ്മ്യൂണിസ്റ്റിനെ ഡൽഹിയിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി ആ മന്ത്രിസഭയിലും മുസ്ലിംലീഗ് പ്രതിനിധികൾ പങ്കാളികളായിട്ടുണ്ടെന്നും ജലീൽ ചൂണ്ടിക്കാട്ടി.

പിഎംഎ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇടതുമുന്നണിയുമായി മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവർത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവർ അഖിലേന്ത്യാ മുസ്‌ലിം ലീഗ് ഇടത് മുന്നണി വിട്ട് പോരാനും ഇരു മുസ്‌ലിം ലീഗുകളുടെയും ലയനം സാധ്യമാകുന്നതിനും കാരണമായത് അന്നത്തെ മാർക്‌സിസ്റ്റ് നേതാക്കളുടെ ശരീഅത്ത് വിരുദ്ധ നിലപാടുകളും പ്രസ്താവനകളുമാണെന്ന കാര്യം ബോധപൂർവം മറച്ചുവയ്ക്കുന്നു.

യുവതലമുറയിൽ മതനിരാസവും ദൈവനിഷേധവും അങ്കുലിപ്പിക്കാൻ അപകടകരമാംവിധം ശ്രമങ്ങൾ നടക്കുമ്പോഴും ന്യൂനപക്ഷാവകാശങ്ങൾ ഒന്നൊന്നായി അട്ടിമറിക്കപ്പെടുമ്പോഴും ''അരുത്'' എന്ന് കമ്മ്യൂണിസത്തോട് ഉറക്കെ പറയാനും അതിനെതിരെ ക്യാമ്പയിൻ ചെയ്യാനും മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങിയതാണ് ബ്രാഞ്ച് മുതൽ പോളിറ്റ് ബ്യൂറോ വരെയുളള നിലവിളികളുടെ പ്രധാന ഹേതുവെന്ന ബോധ്യം മുസ്‌ലിം ലീഗിനുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു മാസക്കാലം ദിനേനെയെന്നോണം ലീഗിനെതിരെ പ്രസംഗിച്ചിട്ടും പ്രസ്താവനയിറക്കിയിട്ടും സാധിക്കാത്തത് എ.കെ.ജി സെന്ററിലെ കൂലി പ്രാസംഗികരെ കൊണ്ട് സാധിക്കുമെന്നത് സി.പി.എമ്മിൻറെ മിഥ്യാധാരണയാണ്. അഭിനവ ചെക്കുട്ടിമാരെ വെച്ച് പുത്തൻ ഫത്‌വകൾ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകുമെന്ന് കരുതുകയും വേണ്ട.

''കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയിൽ നാഷണൽ ലീഗിന്റെ പ്രതിനിധിയായി എം.എൽ.എയായ ആളാണ് പി.എം.എ സലാം'' എന്നത് ഒരു പുതിയ വെളിപാടല്ല. ഏതായാലും തെരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചുവെന്നത് ഒരു ക്രിമിനൽ കുറ്റമൊന്നുമല്ലല്ലോ, ലേബലേതായാലും കൂടെയുള്ളവർക്ക് ഒരു കാലത്തും പി.എം.എ സലാം കാരണം തലകുനിക്കേണ്ടി വന്നിട്ടില്ല എന്നതിൽ പൂർണതൃപ്തനാണ്.

രാഷ്ട്രീയ ജീവിതത്തിന് ഇടക്ക് മുസ്‌ലിം ലീഗ് പാർട്ടിയോട് രണ്ടുതവണ പിണങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു കാലത്തും നിഷേധിച്ചിട്ടില്ല. മഹാന്മാരായ സുലൈമാൻ സേട്ട് സാഹിബിന്റെയും സയ്യിദ് ഉമ്മർ ബാഫഖി തങ്ങളുടെയും എം.കെ ഹാജിയുടെയുമെല്ലാം കൂടെയായിരുന്നു അക്കാലങ്ങളിൽ. മറ്റുചിലരെ പോലെ ഏതെങ്കിലും പാർട്ടി ഓഫീസിന്റെ വരാന്തയിൽ കാവലിരിക്കേണ്ടി വന്നിട്ടില്ല. പറയാനൊരു പാർട്ടിയും ചൂണ്ടിക്കാണിക്കാൻ നേതൃത്വവുമുണ്ടായിരുന്നു അന്നും ഇന്നും എന്നും.

അതത് കാലത്തെ രാഷ്ട്രീയസാഹചര്യങ്ങളാൽ നിലപാടെടുത്ത ആദ്യത്തെയും അവസാനത്തെയും ആളല്ലല്ലോ പി.എം.എ സലാം എന്നത്. പലരും പലതവണ പാർട്ടി മാറിയിട്ടുണ്ട്. വളർത്തി വലുതാക്കിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് അധികാരത്തിന് വേണ്ടി മറുകണ്ടം ചാടിയവരുടെ കൂട്ടത്തിലേതായാലും എന്നെ തിരയേണ്ട. സേട്ട് സാഹിബിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടുമൊപ്പം എം.എൽ.എ ആയിരിക്കെ മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയത് കാര്യകാരണസഹിതം തന്നെയാണ്.

ഇണങ്ങിയും പിണങ്ങിയും നിന്നപ്പോഴെല്ലാം ഞാൻ പിൻപറ്റിയത് മുസ്‌ലിം ലീഗിന്റെ പൂർവസൂരികളായ മഹത്തുക്കളെയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും നിലകൊള്ളുന്നത് ശരിയുടെ പക്ഷത്താണ്. കുരുക്കുകൾ മുറുക്കാൻ കാത്തിരിക്കുന്നവർ നിരാശരാകും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News