'എംഎൽഎമാരുടെ യോഗം അസാധാരണമല്ല, ലീഗ് പുതിയ മാറ്റങ്ങൾ സ്വീകരിക്കുകയാണ്'; വിശദീകരണവുമായി പി.എം.എ സലാം

ഇതാദ്യമായാണ് മുസ്‌ലിം ലീഗ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്

Update: 2022-12-04 04:49 GMT
Advertising

മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന മുസ്‌ലിം ലീഗ് എംഎൽഎമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിർണായക ഘട്ടങ്ങളിൽ പണ്ടും പാർട്ടി ഇത്തരം യോഗം ചേർന്നിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇന്ന് മലപ്പുറത്ത് യോഗം നടക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളോട്‌ സെക്രട്ടറിയുടെ പ്രതികരണം. നിയമസഭാ-ലോകസഭാ സമ്മേളനങ്ങൾക്ക് മുമ്പ് ഇത്തരം യോഗം ചേരുന്നത് പാർട്ടികളുടെ സാധാരണ നടപടിയാണെന്നും ലീഗ് പുതിയ മാറ്റങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ലീഗ് നിലപാട് ആലോചിക്കാനാണ് യോഗം ചേരുന്നതെന്നും വിലക്കയറ്റം, വിഴിഞ്ഞം തുറമുഖം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സലാം പറഞ്ഞു. തുറമുഖം വികസനത്തിന് അനിവാര്യമാണെന്നും എന്നാൽ അത് കേന്ദ്രസേനയെയോ മറ്റോ വരുത്തി സാധാരണ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നിട്ടാകരുതെന്നും വ്യക്തമാക്കി.

മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെയാണ് തുടക്കമാവുന്നത്. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

ബിൽ വരുമ്പോൾ പ്രതിപക്ഷ നിലപാട് സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‌ലിം ലീഗിന് അതിനോട് പൂർണ യോജിപ്പില്ല. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം.


Full View

Muslim League state general secretary PMA Salam said that the meeting of Muslim League MLAs held before the assembly session is not unusual and the party has held such meetings in the past at critical stages.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News