‘അയോധ്യയിലെ രാംലല്ല തൃശൂർ പൂരത്തിലേക്ക് ഒളിച്ചുകടത്തിയത് രാഷ്ട്രീയ പദ്ധതി’; പ്രതിഷേധവുമായി കവി പി.എൻ. ഗോപീകൃഷ്ണൻ
‘സാംസ്കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ ചെയ്തിരിക്കുന്നത്’
കോഴിക്കോട്: തൃശൂർ പൂരത്തിലെ കുടമാറ്റത്തിനിടെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ല പ്രദർശിപ്പിച്ചതിനെതിരെ കവി പി.എൻ. ഗോപീകൃഷ്ണൻ. അയോധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണ്. ആ രാഷ്ട്രീയ പദ്ധതിയെ തൃശൂർ പൂരത്തിലേക്ക് ഒളിച്ചുകടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മലയാളികളുടെ മനോഘടനയിലെ സാമൂഹിക ജനിതകമാണ് ഉത്സവങ്ങൾ. ഏറ്റവും ചുരുങ്ങിയത് എൻ്റെ പ്രായത്തിലുള്ള മലയാളി തലമുറ വരേയ്ക്കെങ്കിലും . കൊടുങ്ങല്ലൂർ താലപ്പൊലിയും തൃശ്ശൂർ പൂരവും ഉത്രാളിക്കാവ് ഉത്സവവും മച്ചാട് മാമാങ്കവും പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടൽമാണിക്യം ഉത്സവവും നടന്നു കണ്ട തലമുറയിൽപ്പെടുന്ന ഒരാളാണ് ഞാൻ.
മേൽപ്പറഞ്ഞ ഉത്സവങ്ങൾക്കൊക്കെ മതപരമായ ഒരു അനുഷ്ഠാന വശം ഉണ്ട്. അതേ സമയം ഉത്സവത്തെ ഉത്സവമാക്കുന്നത് ആ അനുഷ്ഠാന വശം അല്ല. ഉത്സവപ്പറമ്പിൽ തടിച്ചുകൂടുന്ന ജനാവലിയിൽ, ആ അനുഷ്ഠാന വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ നന്നേ കുറവാണ്.
തങ്ങളുടെ ഏകാന്തതയെ അലിയിച്ചു കളയുന്ന ഒരു ലോകാന്തതയെ പുൽകുന്ന മനുഷ്യരാണവർ. ജാതി, മത, സാമ്പത്തിക, സാമൂഹിക വ്യത്യസ്തതയുള്ള ആ താൽക്കാലിക ആൾക്കൂട്ടമാണ് തൃശ്ശൂർ പൂരത്തിന്റെ അവിഭാജ്യഘടകങ്ങളായ ചെറുപൂരങ്ങളും മഠത്തിലെ വരവും കുടമാറ്റവും ആസ്വദിക്കുന്നത്. അതായത് ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥിക്കുന്ന ആൾക്കൂട്ടവും ക്ഷേത്രവും തമ്മിലുള്ള ബന്ധമല്ല, ഉത്സവപ്പറമ്പിലെ ജനക്കൂട്ടവും ഉത്സവച്ചടങ്ങുകളും തമ്മിലുള്ളത്. ചുരുക്കത്തിൽ ‘ആളുകൾ കണ്ടാണ് സാർ, പൂരങ്ങൾ ഇത്ര വലുതായത്’ (കടപ്പാട്: കെജി എസ്).
ആ ആൾക്കൂട്ടവും ഉത്സവത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്കാരിക ഉള്ളടക്കവും തമ്മിലുള്ള, നിയമപരമായി എഴുതപ്പെടാത്ത, എന്നാൽ സാംസ്കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് അയോദ്ധ്യയിൽ പുതുതായുണ്ടായ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ലയെ അടയാളപ്പെടുത്തിയ കൊടികൾ ഉയർത്തിയതിലൂടെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ ചെയ്തിരിക്കുന്നത്.
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന, വോട്ടവകാശമുള്ള എല്ലാവർക്കും വ്യക്തമായറിയുന്ന സംഗതിയാണ്, അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്നത്. അദ്വാനിയുടെ രഥഘോഷയാത്രയും അതേ തുടർന്നുണ്ടായ വർഗ്ഗീയ കലാപങ്ങളും , ബാബ്റി മസ്ജിദിന്റെ തകർച്ചയും എടുത്തുമാറ്റി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തേയോ രാംലല്ല വിഗ്രഹത്തേയോ കാണാൻ പറ്റില്ല.
അതായത് തൃപ്രയാറിലെ, തിരുവില്വാമലയിലെ, കടവല്ലൂരിലെ രാമനല്ല അയോദ്ധ്യയിലെ രാംലല്ല. അതിന് പിന്നിൽ മതത്തിന്റേയോ ആത്മീയതയുടേയോ ദൈവശാസ്ത്രത്തിന്റേയോ ചരിത്രം അല്ല വർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പദ്ധതിയാണ്.
ആ രാഷ്ട്രീയ പദ്ധതിയെ തൃശ്ശൂർ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്കാരിക ഉള്ളടക്കത്തിലേയ്ക്ക്, ആൾക്കൂട്ടം ഇല്ലെങ്കിൽ അർത്ഥശൂന്യമായിപ്പോകുന്ന ഇടത്തേയ്ക്ക് ഒളിച്ചുകടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണത്. ഉത്സവ നടത്തിപ്പുകാരും ആസ്വാദകരും തമ്മിലുള്ള കരാറിന്റെ നഗ്നമായ ലംഘനമാണത്. ഉത്സവത്തിൽ പങ്കെടുക്കുന്ന ജനക്കൂട്ടം ഉപഭോക്താക്കളല്ല. രാഷ്ട്രീയ പാർട്ടിയുടെ ജാഥയിൽ പങ്കെടുക്കാൻ വന്നവരല്ല. അവർ ഉത്സവത്തിലെ പങ്കാളികൾ ആണ്. ഒന്നാലോചിച്ചാൽ ഉത്സവത്തിന്റെ സാംസ്കാരികമായ ഉടമസ്ഥർ അവരാണ്.
അതിനാൽ, എന്റെ കൂടി നഗരമായ തൃശ്ശൂരിൽ നടന്ന ഈ വൃത്തികേടിനെതിരെ ഒരു പൗരനെന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.