'പൊലീസ് ബൂട്ടിട്ട് ചവിട്ടി, കഴുത്തിന് കുത്തിപ്പിടിച്ചു': കെ-റെയില്‍ പ്രതിഷേധക്കാരെ കായികമായി നേരിട്ട് പൊലീസ്
'പൊലീസ് ഇങ്ങോട്ട് പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്തത്, ഞങ്ങളൊന്നും ചെയ്തിട്ടില്ല. മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്'
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മംഗലപുരം സിഐ ബൂട്ടിട്ട് ചവിട്ടിയെന്ന് മർദനമേറ്റയാൾ മീഡിയവണിനോട് പറഞ്ഞു.
'ബൂട്ടിട്ട് ചവിട്ടി, കൈവെച്ച് ഇടിച്ചു, കഴുത്ത് കുത്തിപ്പിടിച്ച് ചുമരിൽ ചാരി, എന്റെ കൈയിലുണ്ടായിരുന്ന പതാക വലിച്ചുകീറിയെന്നും മർദനമേറ്റയാൾ പറഞ്ഞു. പൊലീസ് ഇങ്ങോട്ട് പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്തത്, ഞങ്ങളൊന്നും ചെയ്തിട്ടില്ല. മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. മനപ്പൂർവം ഇടിക്കുകയാണ് പൊലീസ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി.
രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ കരിച്ചാറയിൽ കല്ലിടൽ നടപടികൾക്കായി എത്തിയത്. ഉദ്യോഗസ്ഥർക്ക് കല്ലിടൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാർ എത്തിയിരുന്നു. എന്നാൽ സർവേ അവസാനിപ്പിച്ച് പോകാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനെത്തുടർന്ന് കൂടുതൽ പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.
Summary- K Rail Protest In Thiruvananthapuram Kazhakkoottam