'മട്ടാഞ്ചേരിയിൽ പോയതിന് സ്റ്റേഷനിൽ വിളിച്ചുവരുത്തി; ഐ.എസിനെയും മഅ്ദനിയെയും കുറിച്ച് ചോദ്യംചെയ്തു'-പരാതിയുമായി യുവാവ്

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

Update: 2024-06-01 07:26 GMT
Advertising

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം മട്ടാഞ്ചേരി സ​ന്ദർശിച്ച യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഐ.എസിനെയും മഅ്ദനിയെയും കുറിച്ച് ചോദ്യം ചെയ്ത് പൊലീസ്. പാനായിക്കുളം സ്വദേശി നിസാമുദ്ദീനെയാണ് മട്ടാഞ്ചേരി സന്ദർശിച്ചതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം മട്ടാഞ്ചേരിയിലെ കരകൗശല കടകളും ജൂതത്തെരുവും സിനഗോഗും സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ ​ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ആലുവ എസ്.പിയുടെ സ്‌ക്വാഡിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ വിളിച്ച് ‘മട്ടാഞ്ചേരിയിൽ’ പോയിരുന്നോ എന്ന് ചോദിച്ചതായി യുവാവ് ഫേസ്ബുക്കില്‍ വെളിപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സാധാരണ വേഷത്തില്‍ മട്ടാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ മൂന്ന് പേർ വീട്ടിലെത്തി. തിങ്കൾ രാവിലെ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. വരില്ല എന്ന് തീർത്തുപറയുകയും ഒരു മുസ്‍ലിമിന് മട്ടാഞ്ചേരിയിൽ പോകാൻ പാടില്ലേ എന്നും തിരിച്ചുചോദിക്കുകയും ചെയ്തെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്ന് യുവാവ് പറയുന്നു.

ചൊവ്വാഴ്ച അസിസ്റ്റന്റ് കമ്മീഷണർ മനോജിന് മുന്നിൽ ഹാജരായി. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് പിന്നീട് അവിടെ നടന്നത്. ഖുർആനിലെ മതം വിട്ടവരോടുള്ള സമീപനം, ഐ.എസ്, മഅ്ദനി, ശാദുലി, ഷിബിലി തുടങ്ങിയ പല ചോദ്യങ്ങളുമായി കമ്മീഷണർ ഓഫീസിൽ ഇരുത്തി. രണ്ട് എസ്.ഐമാർ, അഞ്ചു പൊലീസുകാർ, കമ്മീഷണർ എന്നിവർ ചേർന്നാണ് ചോദ്യം ചെയ്തത്. ഞാൻ പറഞ്ഞതെല്ലാം എഴുതിയ പേപ്പറിന്റെ കോപ്പി ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോൾ തരില്ല എന്നും കമീഷണർ പറഞ്ഞു. കോപ്പി തരില്ലെങ്കിൽ കീറിക്കളയണം എന്നാവശ്യപ്പെട്ടുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ അത് കീറിക്കളഞ്ഞുവെന്നും നിസാം ​ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

ഡൊമിനിക് മാർട്ടിൻ പ്രതിയായ കളമശ്ശേരി സ്ഫോടനക്കേസിലും പങ്കുണ്ടെന്നു സംശയിച്ച് നിസാമിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 

നിസാമിന്റെ പോസ്റ്റിന്റെ പൂർണരൂപം

ഞായറാഴ്ച വൈകീട്ട് അഞ്ചുമണി സമയം സിവിൽ ഡ്രസ്സിൽ മൂന്നു ആളുകൾ വീട്ടിലെത്തി. കളമശ്ശേരി സംഭവത്തിന്‌ ശേഷം മാറിയ പുതിയ വീട്ടിൽ പോലീസ് അത് വരെ വന്നിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥർ ആണെന്നും മൊബൈൽ ലൊക്കേഷൻ നോക്കിയാണ് എത്തിയതെന്ന് മനസിലായി.

മട്ടാഞ്ചേരി എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ സംഘം എന്നോട് തിങ്കൾ രാവിലെ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഞാൻ വരില്ല എന്ന് തീർത്തു പറഞ്ഞു. കാരണം ഒരു മുസ്ലിമിന് മട്ടാഞ്ചേരിയിൽ പോകാൻ പാടില്ലേ എന്നതായിരുന്നു എന്റെ ചോദ്യം. അതിന് അവർക്ക് ഒരു വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എന്നെ നിങ്ങൾ പിടിച്ചു കൊണ്ട് പൊയ്ക്കോളൂ എന്നായി ഞാൻ. സാധരണ ശമ്പളം വാങ്ങിക്കുന്ന ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് ഞാൻ നിസാം വന്നില്ലെങ്കിൽ എന്റെ കഴിവ് കേടായി അത് വിലയിരുത്തും എന്ന വാക്കിനു മുന്നിൽ ഞാൻ കീഴടങ്ങി.

തിങ്കൾ ഞാൻ പോയില്ല. ചൊവ്വാഴ്ച പോയി. അസിസ്റ്റന്റ് കമ്മീഷണർ മനോജ്‌ താൻ ഒരു മതത്തിലും വിശ്വാസം ഇല്ലാത്ത ആളാണെന്നു പരിചയപ്പെടുത്തി ആദ്യമേ മുൻജാമ്യം എടുത്തു ഖുർആനിലെ മതം വിട്ടവരോടുള്ള സമീപനത്തെ പറ്റി, ഐ എസ് നെ പറ്റി, മദനിയെ പറ്റി, ശാദുലി, ഷിബിലിയെ പറ്റി ഒരു നാല് മണിക്കൂർ ചോദ്യവും ഉത്തരവുമായി കമ്മീഷണർ ഓഫീസിൽ ഇരുത്തി. രണ്ട് എസ് ഐ മാർ, അഞ്ചു പോലീസുകാർ, കമ്മീഷനെർ എല്ലാം ഞാൻ ഒന്ന് മട്ടാഞ്ചേരിയിൽ പോയതിൽ എനിക്ക് ചുറ്റും ഇരുന്ന് ചോദ്യം ചോദിക്കുന്ന അവസ്ഥ ഓർത്ത് സത്യം ചിരിയാണ് വന്നത്.

ഞാൻ പറഞ്ഞതെല്ലാം എഴുതിയ പേപ്പറിൽ ഒപ്പിടുമ്പോൾ അതിന്റെ കോപ്പി വേണം എന്നു ഞാൻ ആവശ്യപ്പെട്ടു അത് തരില്ല എന്നായപ്പോ ഒപ്പിട്ട പേപ്പർ കീറി കളയണം എന്നായി ഞാൻ. ഒടുവിൽ പേപ്പർ പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ കീറി കളയിച്ചു ഞാൻ മടങ്ങി.

ഈ വേട്ട അവസാനിക്കില്ല എന്നെനിക്കറിയാം.ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ, അബ്ദുല്ലകുട്ടിയെ പോലെ മുസ്ലിം ആവാൻ ഞാൻ ഒരുക്കമല്ല. പക്ഷെ യോഗി ഭരിക്കുന്ന ഉത്തർപ്രദേശിലല്ല പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലാണ് എന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു അത് എനിക്ക് നഷ്ട്ടപെട്ടു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News