ഓണാഘോഷം പരമാവധി ചുരുക്കണം, അടച്ചിട്ടുപോകുന്ന വീടുകളില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും: നിര്‍ദേശങ്ങളുമായി പൊലീസ്
ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം
ഓണാഘോഷം സംബന്ധിച്ച് നിർദേശങ്ങളുമായി പൊലീസ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണം.
ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം. അടച്ചിട്ടുപോകുന്ന വീടുകളില്‍ പൊലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. പൊലീസ് മേധാവിയാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം. വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയ രീതി. ഫ്ലാറ്റ്, വ്യവസായ സ്ഥാപനങ്ങള്‍, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി നിയന്ത്രണം ചുരുങ്ങും.