ആർ.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ പൊലീസ് വേട്ട; തൊണ്ണൂറോളം പേർക്കെതിരെ കേസ്
ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരി തീവ്രപ്രസംഗങ്ങൾ നടത്തി യുവാക്കളെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നവനാണെന്ന് എഫ്.ബി പോസ്റ്റിട്ടതാണ് കേസെടുക്കാൻ കാരണം.
സമൂഹമാധ്യമങ്ങളിൽ ആർ.എസ്.എസിനെതിരെ പോസ്റ്റിടുന്നവരെ പൊലീസ് വേട്ടയാടുന്നതായി പരാതി. തൊണ്ണൂറോളം പേർക്കെതിരെ കേസെടുത്തതായാണ് ആരോപണം. അറസ്റ്റ് ചെയ്തവരിൽ ചിലരെ റിമാന്റ് ചെയ്തിട്ടുണ്ട്. പലരുടേയും ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരി തീവ്രപ്രസംഗങ്ങൾ നടത്തി യുവാക്കളെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നവനാണെന്ന് എഫ്.ബി പോസ്റ്റിട്ടതാണ് കേസെടുക്കാൻ കാരണം. തില്ലങ്കേരിയുടെ പ്രകോപനപരമായ പ്രസംഗം ഷെയർ ചെയ്ത് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് വിമർശിച്ചവർക്കെതിരെയും കേസുണ്ട്.
ആരുടെയും പരാതിയില്ലാതെ പൊലീസ് സൈബർ സെൽ നേരിട്ടാണ് ആർ.എസ്.എസ് വിരുദ്ധ പോസ്റ്റുകൾ കണ്ടെത്തുന്നത് എന്നതാണ് ശ്രദ്ധേയം. സൈബർ സെൽ അധികൃതർ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ശേഷം കേസെടുക്കാൻ നിർദേശം നൽകുകയാണ് ചെയ്യുന്നത്.
സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയുടെ പേരിൽ മാധ്യമപ്രവർത്തകരെ അടക്കം വേട്ടയാടുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആർ.എസ്.എസിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നത്.