മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി
കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്
മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം കണ്ടെത്തി. കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്. ഇവരെ ഇന്ന് തന്നെ തിരിച്ചെത്തിക്കാമെന്നാണ് പ്രതീക്ഷ.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ഡി ശ്രീനിവാസന്‍റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പതിനാലംഗ പൊലീസ് സംഘം കഞ്ചാവ് വേട്ടക്കായി പോയത്. മഞ്ഞ് മൂടിയതോടെ വഴിതെറ്റി വനത്തിൽ അകപ്പെട്ടു. പാറയുടെ ചെരുവിൽ സുരക്ഷിതമായി രാത്രി കഴിച്ചു കൂട്ടിയെന്ന് സംഘത്തിലുള്ള മലമ്പുഴ സി.ഐ സുനിൽ കൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
ഇന്നു രാവിലെ അഞ്ചരയോടെയാണ് ഇവരെ തിരഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും അടങ്ങുന്ന പത്തംഗ സംഘം പുറപ്പെട്ടു. വാളയാറിലെ മലബാർ സിമന്‍റസ് ഭാഗത്തു നിന്നും മലമ്പുഴ ഭാഗത്തു നിന്നും രണ്ടു സംഘങ്ങളായാണ് സംഘം തിരച്ചിലിനിറങ്ങിയത്. പാതി വഴിയിൽ സംഘം ആനക്ക് മുമ്പില്‍ കുടുങ്ങി. ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിനുള്ളിലേക്ക് കയറ്റിവിട്ട ശേഷമാണ് സംഘം യാത്ര തുടർന്നത്. ഏറെ വൈകാതെ കവ ഭാഗത്ത് വെച്ച് കാട്ടിൽ കുടുങ്ങിയവരെ കണ്ടെത്തി. ഇവരെ ഉടനെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.