'പിറന്നാൾ ആഘോഷത്തിന് വൈകിയെത്തിയതിനെ ചൊല്ലി തർക്കം; തൂങ്ങിമരിച്ചെന്ന് പറഞ്ഞത് പൊലീസിനോട് മാത്രം'
'തമിഴ് സിനിമയിൽ അഭിനയിച്ച് കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നു'
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ പറയാനാവൂ എന്ന് പൊലീസ്. വ്യാഴാഴ്ച ഷഹനയുടെ 22 ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്ന് ഭർത്താവ് സജാദ് പറഞ്ഞിരുന്നു. എന്നാൽ വരാൻ പതിവിലും നേരം വൈകി. ഇതിനെ ചൊല്ലി വാക്കുതർക്കം നടന്നതായും ഇതിന് ശേഷമാണ് ഷഹന തൂങ്ങിമരിച്ചെന്നുമാണ് ഭർത്താവിന്റെ മൊഴിയെന്ന് എ.സി.പി സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.
'കഴിഞ്ഞ ലോക്ഡൗണിൽ ഷഹന തമിഴ് സിനിമയിൽ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. വീട്ടിൽ നിന്ന് നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
'ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിർബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല. അതേ സമയം ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കൽ കോളജിലെത്തിച്ചതെന്നും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.